തൃശൂര്‍ നഗരത്തിലെ പാലസ് റോഡില്‍ നിന്ന് ഇടഞ്ഞോടിയ കൊമ്പന്‍ ഗാന്ധിനഗര്‍ ഹൗസിങ് കോളനിയില്‍ എത്തി രണ്ടു മണിക്കൂര്‍ നാടിനെ വിറപ്പിച്ചു. രണ്ടു കാറുകളും പത്തു ബൈക്കുകളും തകര്‍ത്തു. ഒട്ടേറെ വീട്ടുമതിലുകളും ഗേയ്റ്റുകളും തകര്‍ത്തു.  ആനയെ പിന്നീട് തളച്ചു. ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നത് ആശ്വാസമായി. 

കൊമ്പന്‍ ശിവം ലക്ഷ്മി അയ്യപ്പനായിരുന്നു നാടിനെ വിറപ്പിച്ചത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാവിലെ ഒന്‍പതേകാലിന് തൃശൂര്‍ പാലസ് റോഡില്‍ എത്തിയപ്പോഴായിരുന്നു ആനയുടെ മട്ടുംഭാവവും മാറിയത്. കൊമ്പന്‍ പ്രകോപിതനായി. ടൗണ്‍ഹാളിന്‍റെ മതില്‍ തകര്‍ത്തു. കാര്‍ കുത്തിമറിച്ചിട്ടു. വിമല കോളജിലെ അധ്യാപകന്‍ ഹരീഷിന്‍റെ കാറായിരുന്നു തകര്‍ത്തത്. തൊട്ടടുത്തുള്ള ഓട്ടോറിക്ഷയും നശിപ്പിച്ചു. ആന നേരെ ഓടിയത് രാമനിലയം ഗസ്റ്റ് പരിസരത്തുകൂടെ ചെമ്പൂക്കാവിലേയ്ക്കായിരുന്നു. തോട് ചാടിക്കടന്ന് ഗാന്ധിനഗര്‍ ഹൗസിങ് കോളനിയില്‍ എത്തി.

പിന്നെ, ആനയുടെ അഴിഞ്ഞാട്ടമായിരുന്നു. കാറില്‍ വരികയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സി.ഇ.ഒ: സംഗീതയെ ആന ആക്രമിച്ചു. ഡ്രൈവിങ് സീറ്റിനരകില്‍ കൊമ്പ് കാറില്‍ കുത്തി ഉയര്‍ത്തി. രണ്ടു മതിലുകള്‍ക്കിടയില്‍ കാര്‍ കുരുങ്ങിയതിനാല്‍ പൂര്‍ണമായും മറിഞ്ഞില്ല. തൊട്ടുപുറകില്‍ സ്കൂട്ടറില്‍ വന്ന വിദ്യാര്‍ഥിനി ശ്രുതിയും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഗീതയുടെ മകളാണ് ശ്രുതി. അമ്മയും മകളും ആനയുടെ ആക്രമണത്തിന്‍റെ നടുക്കത്തിലാണ് മനോരമ ന്യൂസിനോട് ആദ്യമായി അനുഭവങ്ങള്‍ വിശദീകരിച്ചത്.

ആന പോകുന്ന വഴികളിലെല്ലാം മതിലുകളും ഗെയിറ്റുകളും തകര്‍ത്തു. പത്തു ബൈക്കുകള്‍ ചവിട്ടിയരച്ചു. തൃശൂര്‍ എം.എല്‍.എ: രാജന്‍ ജെ പല്ലന്‍, ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ താമസിക്കുന്നത് ഈ ഹൗസിങ് കോളനിയിലായിരുന്നു. ഗോപാലകൃഷ്ണന്‍റെ വീടു നിര്‍മാണത്തിനു വന്ന തൊഴിലാളികളുടെ അഞ്ച് ബൈക്കുകളാണ് ആന ചവിട്ടിയരച്ചത്.

ഓഫിസില്‍ പോകാന്‍ ഇറങ്ങിയ പലരും ചെന്നുപെട്ടത് ഇടഞ്ഞ കൊമ്പന്‍റെ മുമ്പിലേയ്ക്കായിരുന്നു. പേടിച്ചുവിറച്ച് പരിഭ്രാന്തിയിലായിരുന്നു ഹൗസിങ് കോളനിയിലെ താമസക്കാര്‍. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന തൃശൂര്‍ നഗരപ്രദേശത്തെ ഹൗസിങ് കോളനിയാണ് ഗാന്ധിനഗര്‍. ഇതിനിടെ, ഇട‍ഞ്ഞ കൊമ്പന്‍റെ പരാക്രമങ്ങള്‍ ചിത്രീകരിച്ച മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ വിഘ്നേശ്വര്‍, കേരള കൗമുദി ഫൊട്ടോഗ്രാഫര്‍ റാഫി എം ദേവസി എന്നിവരെ ഒരുസംഘം ആക്രമിച്ചു. ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടയാനായിരുന്നു ശ്രമം. 

ENGLISH SUMMARY:

Panic spread across Thrissur city after a captive elephant named Sree Ayyappan Sreelakshmi ran amok near Paramekkavu Temple and entered a densely populated residential colony. Several houses, gates, sheds, and a car were damaged during the rampage before forest officials and elephant squad members brought the animal under control. Journalists covering the incident were also allegedly assaulted, adding to the tension in the area.