സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുഫലം ഇന്ന്. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ജനവിധി തിട്ടപ്പെടുത്തുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളുമാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകളുടെ ആദ്യവിവരങ്ങള്‍ എട്ടേകാലോടെ ലഭ്യമായേക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന്‍റെ വിവരങ്ങള്‍ 8.45നകം പുറത്തുവരും.
പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പരിസമാപ്തിയാണ് ഇന്ന് കുറിക്കുന്നത്. ചരിത്രംകുറിച്ച് രണ്ടുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്. ഒരുപതിറ്റാണ്ട് അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തില്‍ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ മുഖവും മുനയും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുഫലത്തിന്‍റെ ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും. എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവായി എത്തുമോ എന്ന ചോദ്യവും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്. പരാജയപ്പെട്ടാലാണ് എല്‍ഡിഎഫിനും സിപിഎമ്മിനും തലപുകയ്ക്കേണ്ടിവരികയെങ്കില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ജയമാകും കൂടുതല്‍ തലവേദന. ആര് മുഖ്യമന്ത്രിയാകും എന്നതില്‍ ഒരുകാലത്തുമില്ലാത്ത മല്‍സരവും പോരാട്ടവുമാണ് ഫലം വരുന്നതിന് മുന്‍പുതന്നെ നടക്കുന്നത്. ഇക്കുറി കരുത്തുതെളിയിച്ചില്ലെങ്കില്‍ ബിജെപിയുടെ കേരളനേതൃത്വത്തില്‍ ചൂടുള്ള ഒരുപാട് ചോദ്യങ്ങള്‍ ദേശീയനേതൃത്വത്തില്‍ നിന്ന് നേരിടേണ്ടിവരും. ഒന്നിലേറെ സീറ്റുകള്‍ നേടിയാല്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന പേര് ദേശീയതലത്തില്‍ത്തന്നെ തിളങ്ങും.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 62 സീറ്റ് നേടിയ സിപിഎമ്മും 17 സീറ്റ് നേടിയ സിപിഐയും ഇക്കുറി മിക്ക സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കിയിരുന്നു. അവരുടെ പ്രകടനമാകും അന്തിമഫലത്തില്‍ നിര്‍ണായകമാകുക. പകുതിയിലേറെ മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ഉറപ്പുമില്ല എന്നാണ് മുന്നണി നേതൃത്വത്തിന്‍റെ ചിന്ത. കോണ്‍ഗ്രസിന് 2021ല്‍ 21 സീറ്റ് മാത്രമേ നേടാനായിരുന്നുള്ളു. 15 സീറ്റ് നേടിയ മുസ്‍ലിം ലീഗാണ് യുഡിഎഫിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഇക്കുറി കോണ്‍ഗ്രസ് രണ്ടിരട്ടി സീറ്റുകള്‍ നേടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുന്ന നിലയുണ്ടാകും. അതുതന്നെയാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന ആശങ്ക.
ട്വന്‍റി ട്വന്‍റിയെ മുന്നണിയിലെത്തിച്ച് നടത്തിയ പരീക്ഷണത്തിന്‍റെ ഫലപ്രാപ്തി ബിജെപി നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യാന്‍ മടിച്ചിരുന്നു ജനവിഭാഗങ്ങളെ ട്വന്‍റി ട്വന്‍റി വഴി എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള നീക്കത്തോട് മധ്യകേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ബിജെപിയുടെ ഭാവി പദ്ധതികളില്‍ നിര്‍ണായകമാകും.