പിണറായി വിജയനും ജി. സുധാകരനും തിരഞ്ഞെടുപ്പ് രംഗത്ത് പരസ്പരം പോരടിച്ച രണ്ട് മുതിർന്ന നേതാക്കളാണ്. പ്രോടേം സ്പീക്കറായി ജി. സുധാകരനെ യുഡിഎഫ് നിശ്ചയിച്ചതോടെ, അദ്ദേഹത്തിന് മുന്നില്‍ പിണറായി വിജയന്‍ എം.എല്‍.എയായി സത്യപ്രതിജ്‍‍ഞ ചെയ്യുമോ എന്നുള്ള സംശയം എല്‍ഡിഎഫ് ക്യാംപിലുണ്ടായിരുന്നു. എന്നാൽ സ​ഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി  പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയ്തത്. 

പ്രചാരണ കാലത്ത് പോരടിച്ച ഈ 2 നേതാക്കന്മാർ സഭയിൽ കണ്ടപ്പോഴുള്ള സൗമ്യമായ ആ പ്രതികരണം തന്നെയാണ് സോഷ്യൽ മീഡിയയിലുമാകെ ചർച്ച.  ഒരുകാലത്ത് ഒത്തൊരുമിച്ചു നടന്ന രണ്ടു മനുഷ്യർ പിണങ്ങി, കലങ്ങി, കണ്ണിൽപ്പെടാതെ നടക്കുമ്പോൾ, ഓർക്കാപ്പുറത്ത് മുഖാമുഖം വന്നുപെട്ടാൽ അവർക്ക് സ്നേഹത്തോടെ അഭിവാദ്യം ചെയ്യാൻ മാത്രമേ കഴിയുന്നുള്ളൂ എങ്കിൽ, അവരുടെ കഴിഞ്ഞകാലത്തിൽ അത്രയും ഗാഢമായ എന്തോ ഒന്നുണ്ടെന്ന് കണ്ടന്റ് ക്രിയേറ്റർ ഷിബു ​ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

'ജി. സുധാകരനെ ശൗര്യത്തോടെ മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കണ്ടിട്ടുള്ളൂ. ആരോടും വഴങ്ങാത്ത, എപ്പോൾ, എങ്ങനെ, ഏതു രീതിയിൽ പ്രതികരിക്കുമെന്ന് ഏറ്റവും അടുത്തുനിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവാത്ത ശുണ്ഠിയാണ് സുധാകരൻ. എപ്പോഴും കയർക്കാൻ ആരെങ്കിലും അടുത്ത് ഉണ്ടായിരിക്കേണ്ടുന്ന മനുഷ്യൻ! 

അങ്ങനെയൊരാൾ ഒരു കുഞ്ഞാടിന്റെ ശരീരഭാഷയോടെ, ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ്, കൈകൾ കൂപ്പി കാലടികൾ മുന്നോട്ടുവെച്ച് നടക്കണമെങ്കിൽ, അത് പേടിച്ചിട്ടോ ഭയന്നിട്ടോ ആകാൻ തരമില്ല. ഇത്രയും നാൾ ഇല്ലാത്ത ഭയം ഇപ്പോൾ ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ല; അഭിനയമാകാൻ തീരെ തരമില്ല. അവനവൻ മാത്രമായിരിക്കാൻ കഴിയുന്ന കാർക്കശ്യത്തിന്റെ പെരുമ കേൾപ്പിച്ചിട്ടുള്ള രണ്ടുപേർ, മറ്റാർക്കും വേണ്ടിയല്ലാതെ പരസ്പരം അഭിവാദ്യം ചെയ്യുകയും, എന്തോ പറയാൻ ശ്രമിക്കുമ്പോൾ ഒരു സമാശ്വസിപ്പിക്കൽ പോലെ തോളത്തുതട്ടി കടന്നുപോവുകയും ചെയ്യുമ്പോൾ, അതുകണ്ടുനിൽക്കുന്ന നമ്മുടെ ഉള്ളിലും ആനന്ദം പൊടിയുന്നു.' - ഷിബു ​ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു. 

133–ാമതാണ് പിണറായി വിജയന്‍ സത്യപ്രതിജ്‍ഞ ചെയ്തത്. നേരെ പ്രോടെം സ്പീക്കറായ ജി.സുധാകരന്‍റെ ഇരിപ്പടത്തിലേക്ക് എത്തി. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജി.സുധാകരന്‍ പിണറായി വിജയന്‍റെ അടുത്തേക്ക് നടന്നു ചെന്ന് ഹസ്താദനം നല്‍കുകയായിരുന്നു. 20 സെക്കന്‍റ് സമയം ഇരുവരും സംസാരിച്ചു. തുടര്‍ന്ന് ഭരണപക്ഷത്ത് മുന്‍നിരയില്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയാണ് പിണറായി മടങ്ങിയത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the unexpected handshake between Pinarayi Vijayan and G Sudhakaran, veteran leaders who were political rivals during the election campaign. This gesture of mutual respect, despite their past electoral battles, has become a significant topic of discussion on social media.