വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണ്. – പിണറായി വ്യക്തമാക്കി. 

നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണ് നീക്കാന്‍ കരാറുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ 5 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേരെ കാണാതായെന്നും ഏഴുപേര്‍ ആശുപത്രിയിലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. കാണാതായവര്‍ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കള്ളാടി ചുളിക്ക ഗവ.എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Wayanad landslide at Meppadi's Kalladi tunnel construction site is a tragic and shocking event, according to Leader of Opposition Pinarayi Vijayan. Urgent measures are needed to rescue those trapped and provide immediate medical assistance and financial aid to victims and their families.