വയനാട് കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സമീപത്ത സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മണ്ണ് കുത്തിയൊഴുകി വരുന്നതും ടാങ്കര്‍ ലോറിയുള്‍പ്പെടെ മണ്ണിനൊപ്പം കുതിച്ചെത്തുന്നതും ആളുകള്‍ മണ്ണിനടിയില്‍പ്പെടുന്നതും കാണാം.

മണ്ണിടിച്ചിലുണ്ടാകുന്ന ശബ്ദം കേട്ട് ആളുകള്‍ വന്നു നോക്കുന്നതും, പിന്നാലെ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുള്ള ആളുകളുടെ ശരീരത്തിലേക്ക് മണ്ണ് വന്ന് വീഴുന്നതും മറ്റുള്ളവര്‍ ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ഈ സമയം പാലത്തിലുണ്ടായ ഒരു ടാങ്കര്‍ പിന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡ്രൈവര്‍ക്ക് അതിന് സാധിക്കും മുന്‍പ് മണ്ണും ചളിയും ഇരച്ചെത്തുന്നു. ആ കുത്തൊഴുക്കിന്‍റെ ശക്തിയില്‍ ടാങ്കര്‍ ലോറിയും പെടുന്നു. പാലത്തില്‍ നിന്ന് മീറ്ററുകളോളം ടാങ്കര്‍ ലോറിയും ഒഴുകിമാറുന്നുണ്ട്.

സിസിടിവി സ്ഥാപിച്ചതിന് താഴെയുണ്ടായിരുന്നു ഒരുകൂട്ടം ആളുകള്‍ക്കിടയിലേക്കാണ് എല്ലാം കൂടി ഇരച്ചെത്തിയത്. ഇതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പെടുന്ന രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. മീനാക്ഷിപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. കുത്തിയൊഴുകിയെത്തിയ മണ്ണില്‍ നിരവധി വാഹനങ്ങൾ കുടുങ്ങി. മണ്ണിടിഞ്ഞുവീണ് ബസ് തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസാണ് തകര്‍ന്നത്. ഒരുവീടും മണ്ണിനടിയിലായിട്ടുണ്ട്. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തകാരണം. മണ്ണ് നീക്കാന്‍ കരാറുകാര്‍ക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മൂന്നു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരെ കാണാതായെന്നും ഏഴുപേര്‍ ആശുപത്രിയിലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. കാണാതായവര്‍ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കള്ളാടി ചുളിക്ക ഗവ.എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Horrifying CCTV visuals of the Kalladi tunnel landslide in Wayanad have surfaced. The incident, which killed three, occurred due to improper construction practices.