രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും ഉത്തരം കണ്ടെത്താനാകാത്ത മരീചികയായി തുടരുന്ന സുകുമാരക്കുറുപ്പിന്‍റെ ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതിന്‍റെ ഭാഗമായി കുറുപ്പിനെ കണ്ടെന്ന് 1984ല്‍ അവകാശപ്പെട്ട കൊല്‍ക്കത്തയിലെ മലയാളി നഴ്സ് രത്നമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
1984 ജനുവരി 22 വെളുപ്പിനാണ് സുകുമാരക്കുറുപ്പ് ഫിലിം റപ്രസന്‍റേറ്റീവ് ചാക്കോയെ വധിക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ചാക്കോയെ കാറിലിട്ട് കത്തിച്ച് കൊന്നെന്നാണ് കേസ്. തീ കത്തി മരിച്ചത് സുകുമാരക്കുറുപ്പാണെന്ന് വരുത്തുകയായിരുന്നു പ്ലാന്‍. അതിന് ശേഷം സുകുമാരക്കുറുപ്പ് എവിടേക്ക് രക്ഷപെട്ടു? എന്തുസംഭവിച്ചു? അതിലാണ് 42 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൃത്യമായ ഉത്തരമില്ലാത്തത്. Also Read: ‘സുകുമാരക്കുറുപ്പിനെ കണ്ടു’; നഴ്സിന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്...
ഇതിന് ശേഷം സുകുമാരക്കുറുപ്പിനെ കണ്ടതായി വെളിപ്പെടുത്തിയ ആളാണ് ആലപ്പഴ സ്വദേശിയും കൊല്‍ക്കത്തയില്‍ നഴ്സുമായിരുന്ന രത്നമ്മ. രത്നമ്മ ജോലി ചെയ്യുന്ന ആശുപത്രിയില്‍ സുകുമാരക്കുറുപ്പ് ചികിത്സ തേടിയെത്തി. ചാക്കോയെ കത്തിച്ച സമയത്തുണ്ടായ ചില മുറിവുകളുമായാണ് ചികിത്സക്കെത്തിയത്. രത്നമ്മയായിരുന്നു സുകുമാരക്കുറുപ്പിനെ പരിചരിച്ചത്. മുറിവ് പരിശോധിക്കുന്നതിനിടെ പത്രങ്ങളിലും മറ്റുംവന്ന ഫോട്ടോയിലൂടെ രത്നമ്മ കുറുപ്പിനെ തിരിച്ചറിഞ്ഞു. ധൈര്യം സംഭരിച്ച് രത്നമ്മ ചോദിച്ചു.
നിങ്ങള്‍ സുകുമാരക്കുറുപ്പല്ലേ? അതെയല്ലോ... ഇതായിരുന്നു സുകുമാരക്കുറുപ്പിന്‍റെ മറുപടി. ആ സംസാരത്തിനിടയില്‍ മുറിവില്‍ പുരട്ടാനുള്ള മരുന്ന് എടുക്കാനായി രത്നമ്മ തൊട്ടടുത്ത മുറിയിലേക്ക് പോയി. മരുന്നുമായി തിരികെ വന്ന് നോക്കുമ്പോള്‍ സുകുമാരക്കുറുപ്പിനെ കാണാനില്ല.
കുറുപ്പിനെ തേടിയുള്ള കേരള പൊലീസിന്‍റെ അന്വേഷണം നടക്കുന്ന സമയത്തുതന്നെ രത്നമ്മ ഇക്കാര്യം വിശദീകരിച്ച് പൊലീസിന് കത്തെഴുതി. പൊലീസ് രത്നമ്മയെ തേടി കൊല്‍ക്കത്തയിലെത്തി. മൊഴിയെടുത്തു. കേസിലെ സാക്ഷിയാക്കി. പക്ഷെ ആ ആശുപത്രിയിലെ കൂടിക്കാഴ്ചക്കപ്പുറം രത്നമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു.
രത്നമ്മ ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി. അങ്ങനെയാണ് മൊഴിയെടുക്കാന്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘമെത്തിയത്. ഈ കാര്യങ്ങളെല്ലാം വീണ്ടും രത്നമ്മ വിശദീകരിച്ചു. പക്ഷെ രത്നമ്മക്ക് ഇപ്പോഴും അറിയില്ല, കൊല്‍ക്കത്തയിലെ ആ ആശുപത്രിയില്‍ നിന്ന് നിമിഷനേരം കൊണ്ട് സുകുമാരക്കുറുപ്പ് മറഞ്ഞത് എങ്ങോട്ടെന്ന്...