Sukumara Kurup

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് പിന്നാലെ വീണ്ടും കേരള പൊലീസ്. കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ നഴ്സിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന രത്നമ്മയാണ് മൊഴി നല്‍കിയത്. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സുകുമാരക്കുറുപ്പ് എത്തിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് സുകുമാരക്കുറുപ്പിന്‍റെ കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തത്.

കഴിഞ്ഞ 42 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖമാണ് സുകുമാരക്കുറുപ്പിന്‍റേത്. അവശേഷിക്കുന്നത് ഏതാനും ഫോട്ടോകള്‍ മാത്രം. പതിറ്റാണ്ടുകളായി നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ സൂത്രധാരൻ. തന്റെ പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടാന്‍ എൻ.ജെ.ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസിലെ ഒന്നാം പ്രതി. കേരള പൊലീസിന്റെ റെക്കോർഡിൽ കുറുപ്പ് ഇപ്പോഴും പിടികിട്ടാപ്പുള്ളി.

1984 ജനുവരി 21ന് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് കുറുപ്പിന്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുറുപ്പ് അപകടത്തിൽ മരിച്ചെന്ന് ആദ്യം കരുതി. എന്നാൽ മരിച്ചതു ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് കാണാമറയത്തായിരുന്നു. കേരള പൊലീസ് പിന്നീട് നടത്തിയ എല്ലാ അന്വേഷണവും വിഫലം! Also Read: സുകുമാരക്കുറുപ്പിനെത്തേടി വീണ്ടും? കേസ് ഫയല്‍ വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച്...


sukumara-kurup-house-2

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പി‌ന്റെ ആലപ്പുഴ വണ്ടാനത്തെ പണിതീരാത്ത വീട്

വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കുറുപ്പ് തയാറാക്കിയ മരണനാടകമാണ് പൊളിഞ്ഞത്. ഫിലിം റപ്രസന്‍റേറ്റിവ് ചാക്കോ കരുവാറ്റയിലെ തിയറ്ററിൽ നിന്നു രാത്രി മടങ്ങുമ്പോൾ കുറുപ്പിന്റെ കെഎൽക്യു 7831 എന്ന നമ്പറുള്ള കാറിൽ ലിഫ്റ്റ് കിട്ടി. ആ യാത്ര പക്ഷേ മരണത്തിലേക്കായിരുന്നുവെന്ന് ചാക്കോ സ്വപ്നത്തില്‍പ്പോലും കരുതിയില്ല.

ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരായിരുന്നു ആ ക്രൂരകൃത്യത്തില്‍ കുറുപ്പിന്റെ പങ്കാളികള്‍. വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് ആലപ്പുഴ വണ്ടാനത്തെ വലിയ വീട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ‘കുറുപ്പ് ആയി മരിക്കാൻ പറ്റിയ’ ആളെ സംഘം പലയിടത്തും തിരഞ്ഞു, മൃതദേഹത്തിനായും ശ്രമിച്ചു. ഒന്നും ശരിയായില്ല. ആ കെണിയിലേക്കാണ് ചാക്കോ ചെന്നു കയറിയത്.

ആലപ്പുഴ കരുവാറ്റയിലെ ഹോട്ടലിലാണ് കുറുപ്പും കൂട്ടരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2 കാറുകളിലായി സംഘം ഓച്ചിറ വരെ പോയി, പറ്റിയ ആളെ കിട്ടാതെ മടങ്ങുമ്പോഴാണു കരുവാറ്റയിൽ ബസ് കാത്തു നിന്ന ചാക്കോയെ കണ്ടത്. ലിഫ്റ്റ് കൊടുത്ത ശേഷം യാത്രയ്ക്കിടയിൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീടു കഴുത്തു മുറുക്കി കൊലപ്പെടുത്തി. നേരെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തി മൃതദേഹത്തിൽ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. കുന്നം ഭാഗത്തെത്തി ജഡം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം വയലിലേക്കു തള്ളിയിറക്കി. പിന്നെ പെട്രോൾ ഒഴിച്ചു കത്തിച്ചു. പ്രതികളിൽ ചിലർക്കും പൊള്ളലേറ്റു.  

കത്തിയ മൃതദേഹത്തിൽ പെട്രോൾ പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. ഓടുന്ന കാറിനു തീപിടിച്ചതാണെങ്കിൽ അങ്ങനെ സംഭവിക്കില്ല. മരിച്ചയാളുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും കരിയുടെ അംശം ഉണ്ടായിരുന്നില്ല. കാർ ഓടിക്കുമ്പോൾ തീ പിടിച്ചതല്ല എന്നു വ്യക്തം. വിദേശത്ത് ശത്രുക്കളുള്ള കുറുപ്പിനെ അവർ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു ഭാസ്കരപിള്ളയാണ്. ഡിവൈഎസ്പി സ്റ്റേഷനിൽ വിളിച്ചപ്പോൾ പിള്ള മുഴുക്കൈ ഷർട്ടിട്ടാണ് എത്തിയത്. കൈയുടെ ബട്ടൺ മാറ്റി തെറുത്തു വയ്ക്കാ‍ൻ നിർദേശിച്ചു. രണ്ടു കയ്യിലും പൊള്ളലേറ്റത് കണ്ടു. അതോടെ നാടകം പൊളിഞ്ഞു. സ്വത്തു തട്ടിയെടുക്കാൻ താനാണ് കുറുപ്പിനെ കൊന്നത് എന്നായി പിള്ള. പക്ഷേ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു. 

ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു. പിള്ള കുടുങ്ങിയതറിഞ്ഞ് കുറുപ്പ് മുങ്ങി. നാല്‍പ്പത്തിമൂന്നാം വര്‍ഷവും വെളിപ്പെടാത്ത മുങ്ങൽ. കേരള പൊലീസ് ഇന്ത്യയില്‍ കുറുപ്പിനെ തപ്പാത്ത ഇടമില്ല. ആ കേസാണ് ഒരിക്കല്‍ക്കൂടി പൊതുമധ്യത്തില്‍ വരുന്നത്. 

ENGLISH SUMMARY:

The Kerala Police has once again turned its attention to fugitive Sukumara Kurup, with the Crime Branch recording the statement of a nurse who claims she saw him years ago. The statement was given by Ratnamma, who had worked at a hospital in Kolkata. According to her, Sukumara Kurup had visited the hospital where she was employed. The Crime Branch revisited the Kurup case as part of its ongoing review of long-pending and unresolved investigations.