സുകുമാരക്കുറുപ്പ്, ചാക്കോ
കേരള പൊലീസിനു മുന്നിൽ പതിറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്ന സുകുമാരക്കുറുപ്പ് തിരോധാനക്കേസ് വീണ്ടും വാർത്തകളിൽ. കേസ് ഫയൽ ക്രൈംബ്രാഞ്ച് വീണ്ടും തുറന്നു പരിശോധിച്ചതോടെയാണ് കുറുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. എന്നാൽ, കേസിൽ പുതിയ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പുതിയ ക്രൈംബ്രാഞ്ച് ഐജി ചുമതലയേറ്റതിന് പിന്നാലെയാണ് തെളിയിക്കപ്പെടാത്ത കേസുകളുടെ ഫയലുകൾ പരിശോധിച്ചത്. പതിനായിരത്തിലേറെ വരുന്ന ഇത്തരം ഫയലുകളുടെ കൂട്ടത്തിൽ നിന്നാണ് സുകുമാരക്കുറുപ്പിന്റെ ഫയലും പ്രത്യേക താല്പര്യത്തോടെ ഉദ്യോഗസ്ഥർ എടുത്തു നോക്കിയത്.
കേസിൽ എഫ്ഐആർ മുതലുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തി. എന്നാൽ കേസിൽ പുതിയ അന്വേഷണം നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ തെളിവുകളോ സാഹചര്യങ്ങളോ കണ്ടെത്താൻ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ചർച്ച നടത്തി. പുതിയ വിവരങ്ങൾ ലഭിച്ചാൽ മാത്രം കേസ് വീണ്ടും അന്വേഷിച്ചാൽ മതിയെന്നും, അല്ലാത്തപക്ഷം ഫയൽ പഴയതുപോലെ തന്നെ സൂക്ഷിക്കാനുമാണ് തീരുമാനം.
മൊബൈൽ ഫോണോ സിസിടിവിയോ ഇല്ലാത്ത കാലത്ത് നടന്ന അന്വേഷണമായതിനാൽ അന്ന് ലഭിച്ച തെളിവുകളിൽ നിന്ന് മാത്രം പുതിയൊരു അന്വേഷണം തുടങ്ങുക അസാധ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കേവലം ഒരു കൗതുകത്തിന്റെ പുറത്താണ് ഉദ്യോഗസ്ഥർ കേസ് ഡയറി പരിശോധിച്ചതെന്നും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.