File photo

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗം. പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോടു വീട്ടില്‍പോയി ചോദിക്കാന്‍ പറഞ്ഞത് തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. കോന്നിയിലെ പൊതുസമ്മേളനത്തിലായിരുന്നു പരാമര്‍ശം. ഒരു ബൂത്തില്‍ 20 വോട്ട് വീതം സംസ്ഥാനത്താകെ നഷ്ടമായെന്നും യോഗം ചൂണ്ടിക്കാട്ടി. 

 

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തെ കടന്നാക്രമിച്ചും പരിഹസിച്ചും ഏരിയാ കമ്മിറ്റികളില്‍ കടുത്ത പരാമര്‍ശങ്ങളാണ് ഉയരുന്നത്. കാരണഭൂതന്‍ പാട്ടിന്‍റെ മുഖ്യസംഘാടകന്‍ പാറശാല ഏരിയ സെക്രട്ടറി എസ്.അജയകുമാര്‍ പിണറായി പ്രതിപക്ഷനേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് ഏരിയ കമ്മിറ്റിയിലും രൂക്ഷവിമര്‍ശനമുയര്‍ന്നു.

 

Also Read: ‘പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍തോൽവി; കടക്ക് പുറത്ത്, ഡാഷ് മോനെ പരാമർശങ്ങൾ തിരിച്ചു’

പിണറായിയെ പുകഴ്ത്തി കാരണഭൂതന്‍ പാട്ട് വന്ന സമയത്ത് അതിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍ ആയിരുന്ന പാറശാല ഏരിയ സെക്രട്ടറി തന്നെ മലക്കംമറിഞ്ഞു. പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു കമ്മിറ്റി യോഗത്തില്‍ ഏരിയ സെക്രട്ടറി എസ്.അജയകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതൃപദവി രാജിവച്ച് പിണറായി മാതൃകയാകണം. പിണറായി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള തൊഴിലാളികള്‍ മാത്രമായി പാര്‍ട്ടി സഖാക്കള്‍ മാറി എന്നും ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. കടക്ക് പുറത്ത്, ഡാഷ് മോനെ പരാമര്‍ശങ്ങള്‍ തിരിച്ചടി ഉണ്ടാക്കിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. എം.വി.ഗോവിന്ദന്‍ പറയുന്നതില്‍ യാതൊരു വ്യക്തതയും ഇല്ല. വെള്ളാപ്പള്ളി ഫാക്ടറും തിരിച്ചടിയായി. എന്നാല്‍ കമ്മിറ്റികളിലെ വിമര്‍ശനം സമൂഹമാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു ഇ.പി.ജയരാജന്‍റെ പ്രതികരണം. 

 

ചര്‍ച്ചകള്‍ കഴിഞ്ഞിട്ട് എല്ലാം ജനങ്ങളോട് പറയുമെന്ന് സംസ്ഥാന സെക്രട്ടറി. അതിനിടെ പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലില്‍ സിപിഎമ്മിനെ അംഗങ്ങള്‍ കടന്നാക്രമിച്ചു. ജില്ലയിലെ പ്രചാരണത്തില്‍ സിപിഎം, സിപിഐയെ സഹകരിപ്പിച്ചില്ല. പാലക്കാട് മണ്ഡലത്തില്‍ എങ്ങനെ തോറ്റു എന്നറിയാന്‍ മറ്റ് പഠനങ്ങള്‍ ഒന്നും ആവശ്യമില്ലെന്നും അംഗങ്ങള്‍ പരിഹസിച്ചു.

 

ENGLISH SUMMARY:

CPM Konni Area Committee has strongly criticized former Chief Minister Pinarayi Vijayan, attributing election setbacks to his controversial remarks during a public meeting. The committee also noted a loss of 20 votes per booth statewide, highlighting broader concerns within the party regarding leadership decisions and communication strategies.