E20 പെട്രോൾ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജ് കുറയുമെന്ന് സമ്മതിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോളിന്റെ കലോറി മൂല്യം പെട്രോളിനേക്കാൾ കുറവാണ്. ഇന്ധനത്തിൽ എഥനോളിന്റെ അളവ് കൂടുമ്പോൾ ശരാശരി മൈലേജിൽ നേരിയ കുറവുണ്ടായേക്കാം. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ20 പെട്രോൾ വിതരണം നിർബന്ധമാക്കിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന വ്യാപക പരാതികൾക്കും വിമർശനങ്ങൾക്കും എതിരെ രൂക്ഷ പ്രതികരണവുമായി നിതിൻ ഗഡ്കരി നേരത്തേയും രംഗത്തെത്തിയിരുന്നു. ഇ20 ഇന്ധനം ഉപയോഗിച്ചതുവഴി തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്ത് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. എഥനോൾ പദ്ധതിക്കെതിരെ രാജ്യത്ത് നടക്കുന്നത് വെറും വ്യാജപ്രചാരണങ്ങളാണ്. ഇതൊരു ‘പെയ്ഡ് ക്യാംപെയ്‌നാണെന്നും’ ഗഡ്കരി പറഞ്ഞു. തന്റെ കുടുംബത്തിന് പഞ്ചസാര ഫാക്ടറികളുണ്ടെന്നത് സത്യമാണെന്നും എന്നാൽ ആ കമ്പനികളൊന്നും തന്നെ നിലനിൽപിനായി എഥനോൾ ഉൽപാദനത്തെ ആശ്രയിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
Also Read: 40 രൂപയിൽ നിന്ന് 3600 രൂപയിലേക്ക്; നിതിൻ ഗഡ്കരിയുടെ മക്കളുടെ എഥനോൾ സാമ്രാജ്യം
എഥനോൾ മിശ്രിതം ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് വണ്ടിയുടെ എൻജിൻ തകരാറിലാക്കുമെന്നും പരിസ്ഥിതിക്കു ദോഷമാണെന്നും ഇന്ധനത്തിൽ അമിതമായി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വാദം പെട്രോളിയം മന്ത്രാലയവും തള്ളി. ഇ20 പദ്ധതി ശാസ്ത്രീയ പരീക്ഷണങ്ങളുടെയും ആഗോള മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണു നടപ്പിലാക്കുന്നതെന്നു വ്യക്തമാക്കി.
എന്നാൽ, മൈലേജ് കുറയുമെന്ന വാദം മന്ത്രാലയം ശരിവച്ചു. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) പാസഞ്ചർ കാറുകളിൽ 40,000 കിലോമീറ്ററും ഇരുചക്ര വാഹനങ്ങളിൽ 20,000 കിലോമീറ്ററും ഓടിച്ച് നടത്തിയ പരീക്ഷണങ്ങളിൽ ഡ്രൈവിങ്ങിനെയോ എൻജിനെയോ ഇ20 ഇന്ധനം ദോഷകരമായി ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മൈലേജിൽ ‘വളരെ നേരിയ’ വ്യത്യാസം മാത്രമാണ് ഉണ്ടാകുന്നത്.
അതേസമയം, ഇ20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ കാലിബ്രേറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് എഥനോളിന്റെ ഉയർന്ന ഒക്ടേൻ റേറ്റിങ് (ജ്വലന സ്വഭാവം) കൂടുതൽ കരുത്ത് നൽകുമെന്ന് സർക്കാർ പറയുന്നു. വാഹനങ്ങളുടെ ലോഹ-പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് ഇ20 കേടുപാടുകൾ ഉണ്ടാക്കുന്നില്ലെങ്കിലും റബർ ഭാഗങ്ങൾ സാധാരണയേക്കാൾ നേരത്തെ മാറ്റേണ്ടി വന്നേക്കാം.
ഒരു ലീറ്റർ എഥനോളിന് 10,000 ലീറ്റർ വെള്ളം വേണമെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു. എഥനോൾ ഡിസ്റ്റിലറികളിൽ ഒരു ലീറ്റർ എഥനോളിന് 3 മുതൽ 5 ലീറ്റർ വരെ വെള്ളം മാത്രമേ ആവശ്യമുള്ളൂ. ഇത് ശുദ്ധീകരിച്ച് പുനരുപയോഗിക്കും.