വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. ഇനി രണ്ടുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നലെ മൂന്നു മൃതദേഹങ്ങൾ ലഭിച്ചിരുന്നു. എല്ലാ മൃതദേഹങ്ങളും ലഭിച്ചത് മീനാക്ഷി പുഴയോട് ചേർന്ന് ആയതിനാൽ ആ മേഖലകൾ കേന്ദ്രീകരിച്ചാകും ഇന്നത്തെയും തിരച്ചിൽ.
അതേസമയം തുരങ്ക മുഖത്ത് നിന്ന് എടുത്ത മണ്ണ് നിലവിൽ നീക്കം ചെയ്യാൻ ആകില്ലെന്ന് കൊങ്കൺ റെയിൽവേ. കൂട്ടിയിട്ട മണ്ണ് ഒറ്റയടിക്ക് നീക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വാദം. നിലവിൽ കൂട്ടിയിട്ട മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. മണ്ണിടിച്ചിലാണ് പ്രശ്നങ്ങളുണ്ടാക്കിയത്. കൊങ്കൺ റെയിൽവേയുമായി മന്ത്രിമാരായ ടി സിദ്ധിക്കും പി കെ ബഷീറും പ്രാഥമിക ചർച്ച നടത്തി. മണ്ണ് മാറ്റുന്നത് അടക്കമുള്ള വിഷയങ്ങളിൽ കൊങ്കൺ റെയിൽവേയുമായി ഇന്ന് വിശദമായ ചർച്ച നടത്തും. തുരങ്കമുഖത്ത് മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിൽ ആഘാതം കൂട്ടിയത് എന്നായിരുന്നു സർക്കാർ വാദം.
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കള്ളാടി ദുരന്തത്തെക്കുറിച്ച് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാനും സംസ്ഥാന സര്‍ക്കാരും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
ജസ്റ്റിസുമാരായ ഡോ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ.പ്രീത എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.ജാജു ബാബു നേരിട്ട് ഹാജരായി വിശദീകരിക്കും. തുരങ്കപാതയുടെ നിര്‍മ്മാണം പ്രദേശത്തെ പരിസ്ഥിതി ഘടനയ്ക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടിയേക്കും.