സ്വന്തം അമ്മയെ കൊലപ്പെടുത്തി സര്‍ക്കാര്‍ ജോലിയും സ്വത്തും സ്വന്തമാക്കാന്‍ മകളുടെ ഗൂഢാലോചന. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. നീരജ് ശർമയെന്ന 45കാരിയുടെ കൊലപാതകത്തില്‍ 23കാരിയായ മകളും ഏഴ് ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റിലായി.
ജയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രതാപ് നഗറിലാണ്, നീരജ് ശര്‍മയെന്ന 45കാരിയെ കഴിഞ്ഞ വെള്ളിയാഴ്ച വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ എല്‍ഡി ക്ലാര്‍ക്കായിരുന്നു നീരജ് ശര്‍മ. ഭര്‍ത്താവ്, വിജയ് കുമാര്‍ ശര്‍മ മരിച്ചതിന് ശേഷം ആശ്രിത നിയമനം എന്ന നിലയിലാണ് ജോലി ലഭിച്ചത്. അപകടമരണമെന്ന നിലയില്‍ അന്വേഷണം തുടങ്ങിയെങ്കിലും സിസി ടിവി പരിശോധനയില്‍ നീരജ് ശര്‍മയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി.
വാഹനമിടിപ്പിച്ച് കൊല്ലാന്‍ പാകത്തില്‍ ദൂരെ മാറി കാര്‍ കാത്തുനില്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ പൊലീസ് അന്വേഷണം വിപുലമാക്കി. ആദ്യം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഓരോരുത്തരായി പിടിയിലായി. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് കൊല്ലപ്പെട്ട നീരജ് ശര്‍മയുടെ 23കാരി മകളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് വ്യക്തമായി. അവിശ്വസനീയമെന്ന് തോന്നിയെങ്കിലും പൊലീസ് ചോദ്യംചെയ്യലില്‍ മകള്‍ ആയുഷി ശര്‍മ കുറ്റം സമ്മതിച്ചു. തന്‍റെ പിതാവ്, വിജയ് കുമാര്‍ ശര്‍മയുടെ മരണത്തിന് ശേഷം തനിക്ക് ആ ജോലി ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മ ആ ജോലി തട്ടിയെടുത്തെന്ന് ആയുഷി മൊഴി നല്‍കി.
സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടും ആയുഷിയും കൊല്ലപ്പെട്ട നീരജ് ശര്‍മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതോടെ ആയുഷി ഒരു ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഏഴ് ലക്ഷത്തിനാണ് ആയുഷി അമ്മയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സർക്കാർ ജോലിയും കുടുംബസ്വത്തും സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് മൊഴിയുണ്ടെങ്കിലും മകള്‍ക്ക് അമ്മയോട് ഇത്ര വൈരാഗ്യം തോന്നുന്നതിന് കാരണമെന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.