ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമി ഫൈനലില്‍. കിലിയൻ എംബപെയും ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇതോടെ അവസാനിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസ് ആധിപത്യം പുലർത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബപെക്ക് മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും, രണ്ടാം പകുതിയിൽ ഫ്രഞ്ച് ആക്രമണം കൂടുതൽ ശക്തമായി. 60-ാം മിനിറ്റിൽ എംബപെയുടെ ഗോളിലൂടെ ഫ്രാൻസ് ലീഡ് നേടി. ടൂർണമെന്റിലെ എംബപെയുടെ എട്ടാമത്തെ ഗോളാണിത്. ഇതോടെ ലോകകപ്പിലാകെ എംബപെയുടെ ഗോളെണ്ണം 20 ആയി. മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
ആദ്യഗോള്‍ നേടി ആറുമിനിറ്റിനുള്ളില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. മൊറോക്കോ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പ്രതിരോധത്തിലെ പിഴവാണ് ഫ്രാൻസ് മുതലെടുത്തത്. 66-ാം മിനിറ്റിൽ എംബപെയുടെ പാസിൽ നിന്നാണ് ഉസ്മാൻ ഡെംബലെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ ഫ്രാൻസിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.
മൊറോക്കോ മികച്ച പ്രതിരോധം കാഴ്ചവെക്കാൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് മുന്നേറ്റനിരയെ തടയുന്നതിൽ അവർ പരാജയപ്പെട്ടു. ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ രാജ്യമായി മാറി ഫ്രാൻസ്. സെമി ഫൈനൽ മത്സരത്തിൽ സ്പെയിൻ– ബെൽജിയം പോരാട്ടത്തിലെ വിജയികളെ ഫ്രാൻസ് നേരിടും.