ഒരുകാലത്ത് ലോക കപ്പിൽ തലകാണിച്ച് മടങ്ങാനുള്ള വെറും  പങ്കാളികള്‍ മാത്രമായിരുന്ന ആഫ്രിക്കൻ ടീമുകൾ,  ഇന്നത് കിരീടത്തിന് അര്‍ഹതയുള്ള കരുത്തരുടെ നിരയിലേക്ക് ഉയരുകയാണ്. യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും ഒപ്പം ആഫ്രിക്കയും ഇനി ശക്തികേന്ദ്രമാണ്. 2026 ലോകകപ്പ് ആ പ്രഖ്യാപനത്തിന്‍റെ അടയാളപ്പെടുത്തലാണ്. 

2022 ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ സെമി ഫൈനലിലെത്തിയപ്പോള്‍  ഭാഗ്യംകൂടി തുണച്ച അപൂര്‍വനേട്ടമെന്ന് വിലയിരുത്തി. ഈ ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍, യാദൃശ്ചികമല്ല. പടി പടിയായുളള വളര്‍ച്ചയാണതെന്ന് ലോകം സമ്മതിച്ചു.  ബ്രസീലിനെ സമനിലയില്‍ തളച്ച്, നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ച്, കാനഡയെ മൂന്ന്  ഗോളിന് തകര്‍ത്ത് അപരാജിതരായാണ് മുന്നേറ്റം. ലോകകപ്പില്‍ ഇതാദ്യമായി 48 ടീമുകള്‍ എത്തിയപ്പോള്‍ അതില്‍ പത്ത് ആഫ്രിക്കന്‍ ടീമുകള്‍ ഇടംപിടിച്ചു. ടുണീഷ്യ ഒഴിച്ച് ബാക്കി ഒന്‍പത് ടീമുകളും നോക്കൗട്ട് റൗണ്ടിലെത്തി ചരിത്രം കുറിച്ചു. 

ലോകചാംപ്യന്‍മാരായ അര്‍ജന്‍റീനയെ വിറപ്പിച്ച് കീഴടങ്ങിയ കാബോ വെര്‍ദേയ്ക്ക് ആ തോല്‍വി പോലും ജയമാണ്.  ഇംഗ്ലണ്ടിനെതിരെ ലീഡ് നേടി ഞെട്ടിച്ച കോംഗോയും ബെല്‍ജിയത്തോട് അധികസമയത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഗോള്‍വഴങ്ങി പൊരുതിത്തോറ്റ സെനഗലും ദക്ഷണ കൊറിയയെ തോല്‍പിച്ച് ആദ്യ നോക്കൗട്ട് കളിച്ച ദക്ഷിണാഫ്രിക്കയും കളത്തില്‍ തീപാറിച്ച അള്‍ജീരിയയും ഘാനയും ഐവറികോസ്റ്റും വെറുതെ വന്ന് കളി കണ്ട് ഗോള്‍ വഴങ്ങി മടങ്ങാന്‍ വന്നവരല്ലെന്ന് കളിച്ചു കാണിച്ചു. 

പ്രീക്വാര്‍ട്ടറില്‍ കൊടുങ്കാറ്റ് പോലെ മെസിപ്പടയ്ക്ക് മേല്‍ ആധിപത്യം കാട്ടിയ മുഹമ്മദ് സലയുടെ ഈജിപ്ത്ഷ്യന്‍ പോരാട്ടത്തിളക്കം ലോകകപ്പ് ചരിത്രത്തില്‍ എക്കാലവും സംസാര വിഷയമാകും.  ഒരുകാലത്ത് ആഫ്രിക്കൻ ടീമുകളെ നേരിടുമ്പോൾ എതിരാളികൾ ചിന്തിച്ചിരുന്നത് അവരുടെ വേഗത്തെയും ഉയര്‍ന്ന ശാരീരിക മികവിനെയും കുറിച്ചായിരുന്നെങ്കില്‍  പന്തടക്കത്തിലും ടാക്ടിക്കല്‍ മികവിലുമുള്ള അവരുടെ അസാമാന്യ പാടവംകൂടി  ഈ ലോകകപ്പ് കാട്ടിത്തന്നു.  യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീമുകള്‍ അടക്കിഭരിച്ച കാല്‍പന്തു ലോകത്ത് ഒരു ആഫ്രിക്കന്‍ ടീം ലോക കിരീടമുയര്‍ത്തുന്ന കാലം വിദൂരമല്ലെന്ന് ഉറപ്പിക്കുന്നതാണ് 2026 ലോകകപ്പ്. ലോക ഫുട്ബോളിലെ അധികാര സമവാക്യം മാറുകയാണ്. 

ENGLISH SUMMARY:

African football teams are no longer just participants but contenders for the World Cup, with the 2026 World Cup marking a new era of African dominance. Their gradual growth, from Morocco's semi-final run in 2022 to multiple teams reaching the knockout stages in the expanded 2026 tournament, signifies a major shift in global football power dynamics.