Egypt coach Hossam Hassan | IMAGE via Reuters/Maria Lysaker
ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസന്റെ കരാർ നീട്ടി ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ (ഇഎഫ്എ). 2030 വരെ അദ്ദേഹം ടീമിന്റെ പരിശീലകനായി തുടരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം ഡയറക്ടർ ഇബ്രാഹിം ഹസന്റെയും കരാർ പുതുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി ഇഎഫ്എ പ്രസിഡന്റ് ഹാനി അബോ റിഡ അറിയിച്ചു.
2024 ഫെബ്രുവരിയിലാണ് 59-കാരനായ ഹൊസാം ഹസൻ ഈജിപ്ത് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. ഹസൻന്‍റെ കീഴിൽ ഈജിപ്ത് ടീം ചരിത്രപരമായ നേട്ടങ്ങളാണ് കൈവരിച്ചത്. 2025-ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ (AFCON) സെമിഫൈനൽ വരെ ഈജിപ്ത് ഫുട്ബോള്‍ ടീം എത്തിയിരുന്നു. മാത്രമല്ല, 2018ന് ശേഷം ആദ്യമായാണ് ഈജിപ്ത് ടീം ലോകകപ്പിന് യോഗ്യത നേടുകയും ടൂർണമെന്റിൽ റൗണ്ട് ഓഫ് 16 വരെ എത്തുകയും ചെയ്യുന്നത്.
ഗ്രൂപ്പ് ജി-യിൽ ന്യൂസിലാൻഡിനെതിരെ 3-1-ന് വിജയിച്ചുകൊണ്ടാണ് ഈജിപ്ത് ഈ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കുതിപ്പ് തുടങ്ങിയത്. റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്കെത്തി. പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെ മികച്ച പോരാട്ടമാണ് ഈജിപ്ത് കാഴ്ചവെച്ചത്. മത്സരത്തിൽ 2-0 എന്ന നിലയിൽ ഈജിപ്ത് മുന്നിട്ടുനിന്നെങ്കിലും, അവസാന മിനിറ്റുകളിൽ അർജന്റീന തിരിച്ചടിച്ച് 3-2 എന്ന സ്കോറിന് വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരി മുതൽ കരാറില്ലാതെയാണ് ഹസൻ ടീമിനൊപ്പം പ്രവർത്തിച്ചിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഈജിപ്ഷ്യൻ ഫുട്ബോളിന്റെ മികച്ച ഭാവി ലക്ഷ്യമിട്ടാണ് ഹസന്‍ തന്നെ തുടരണെന്ന് തീരുമാനിച്ചതെന്ന് എന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കുന്നു.