പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം തുടങ്ങുമ്പോൾ 40 രൂപയായിരുന്നു സിയാൻ അഗ്രോ എന്ന കമ്പനിയുടെ ഓഹരിവില. ഒന്നര വർഷം കൊണ്ട് ഓഹരി കുതിച്ചത് 3600 രൂപയിലേക്കാണ്. 10 ലക്ഷം രൂപയിൽ നിന്നും ലാഭം എത്തിയത് 52 കോടിയിലേക്കും. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട ഈ കമ്പനിയുടെ നേതൃ സ്ഥാനത്തുള്ളത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണ്. ഇതാണ് എഥനോൾ വിവാദത്തിലേക്ക് കമ്പനിയെയും കൊണ്ടെത്തിക്കുന്നത്.
ഭക്ഷ്യ എണ്ണ നിർമിക്കുന്ന കമ്പനിയായ സിയാൻ അഗ്രോ പെട്ടന്ന് എഥനോളിലേക്ക് ചുവട് മാറ്റി. 2023 ഏപ്രിലിലാണ് രാജ്യത്ത് E20 എഥനോൾ നയം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. 2024 ജനുവരിയിൽ കാർബൺ ഡയോക്സൈഡിൽ നിന്നും എഥനോൾ ഉത്പാദിപ്പിക്കാനുള്ള പദ്ധതി സിയാൻ പ്രഖ്യാപിച്ചു. ഈ കാലത്ത് സെക്-വൺ സെയിൽസ് എന്ന പഞ്ചസാര നിർമാണ കമ്പനിയെ ഏറ്റെടുത്തു. സഹോദരൻ സാരംഗ് ഗഡ്കരിയുടെ മാനസ് അഗ്രോയും സിയാന് കീഴിലായി. ചുരുങ്ങിയ കാലം കൊണ്ട് വിവിധ മേഖലകളിൽ ബിസിനസുള്ള ശ്രംഖലയായി സിയാൻ മാറി. കൃഷി, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, പഞ്ചസാര, വൈദ്യുതി, വളം, ഡിസ്റ്റിലറി, എൽ.പി.ജി, മോട്ടോർ സ്പിരിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം/നാടൻ മദ്യം എന്നിവയിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 17 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2026ലെ ജൂൺ പാദത്തിൽ 511 കോടിയിലേക്ക് എത്തി. 10 ലക്ഷം രൂപയായിരുന്ന ലാഭം 52 കോടി രൂപയായി. 40 രൂപയിലുണ്ടായിരുന്ന ഓഹരി വില 3600 രൂപയിലേക്ക് എത്തിയത് 20മാസം കൊണ്ടാണ്. അതേസമയം, സിയാൻ നേരിട്ട് നടത്തുന്ന പരമ്പരാഗത ബിസിനസിൽ നിന്നുള്ള വരുമാനം വെറും 100 കോടി രൂപ മാത്രമാണെന്നാണ് വിവരം. ബാക്കി 400 കോടി രൂപ സബ്സിഡിയറികളിൽ നിന്നാണ്.
മന്ത്രി പോളിസി ഉണ്ടാക്കുകയും മക്കൾ ലാഭമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശം. ആരോപങ്ങൾ നിഷേധിച്ച നിതിൻ ഗഡ്കരി രാജ്യത്തെ ആകെ എഥനോൾ ഉത്പാദനത്തിൽ ദശാംശം അഞ്ച് ശതമാനം മാത്രമാണ് സിയാൻ കമ്പനിയുടെ സംഭാവനയെന്നാണ് പറഞ്ഞത്. അതേസമയം, കമ്പനിയുടെ ഓഹരി വില ഇടിയുകയാണ്. ജൂൺ 30തിന് 1730 രൂപയായിരുന്ന ഓഹരി 1464 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
(ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)