AI Image
രാജ്യത്ത് 22 ശതമാനം മുതല്‍ 30 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായുമാണ് നടപടി. ഊര്‍ജ സംരക്ഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ക്രൂഡ് ഓയിലിന്‍റെ ലോകത്തെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരും ഉപഭോക്താക്കളും ഇന്ത്യയാണ്.
എക്സൈസ് തീരുവ ഒഴിവാക്കുന്നതോടെ ഇന്ധന ഉല്‍പാദാക്കള്‍ക്കും വിതരണക്കാര്‍ക്കും എഥനോള്‍ കൂടിയ അളവിലുള്ള പെട്രോള്‍ സാമ്പത്തികമായി ആകര്‍ഷകമാകും. ഇത് കൂടുതലായി വിപണിയിലേക്ക് എത്തിക്കാനുള്ള വഴികളും തുറക്കും. നിലവില്‍ സാധാരണ പെട്രോളിന്‍റെ റീട്ടെയില്‍ വ്യാപാരത്തില്‍ സര്‍ക്കാര്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, എഥനോളിന്‍റെ എക്സൈസ് തീരുവ ഒഴിവാക്കിയതിന്‍റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് ഉടനടി എത്തിയേക്കില്ല.
ഊര്‍ജ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെയാണ് ഇന്ത്യ ഏറെക്കുറെ പൂര്‍ണമായി ആശ്രയിക്കുന്നതെന്നതാണ് വാസ്തവം. കരിമ്പില്‍ നിന്നും മറ്റ് ധാന്യങ്ങളില്‍ നിന്നുമാണ് എഥനോള്‍ ഉല്‍പാദിപ്പിക്കുന്നത്. എഥനോളിനെ ആശ്രയിക്കുന്നതോടെ ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കര്‍ഷകര്‍ക്കും പുതിയ വരുമാനമാര്‍ഗമാകും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ എഥനോള്‍ ചേര്‍ന്ന പെട്രോളിന്‍റെ ഉപഭോഗം വലിയ അളവ് വരെ വര്‍ധിച്ചിട്ടുണ്ട്.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് 85 ശതമാനമായി ഉയര്‍ത്താന്‍ അനുമതി നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തേ വ്യക്തമാക്കിയിരുന്നു. ഡിസംബറോെട ഇത്തരത്തിലുള്ള 500 പമ്പുകള്‍ രാജ്യത്ത് സജ്ജമാക്കുമെന്നും അടുത്ത വര്‍ഷത്തോടെ ഇത് അയ്യായിരമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ 50 ശതമാനം ഇരുചക്ര വാഹനങ്ങളും ഈ ഇന്ധനത്തിലേക്ക് മാറിയാല്‍ എഥനോളിന്‍റെ ആവശ്യം 311 കോടി ലീറ്റര്‍ കടക്കുമെന്നും ഇത് കര്‍ഷകര്‍ക്ക് 12,403 കോടിയോളം രൂപയുടെ അധിക വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി പറയുന്നു.