ഹമാസ് തലവന്‍ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നേരിട്ടു കണ്ടിരുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. 2024 ജൂലൈയില്‍ ടെഹ്റാനില്‍ വച്ചാണ് ഇരുവരും നേരില്‍ കണ്ടത്. ടെഹ്റാനിലെ കനത്ത സുരക്ഷയുള്ള ഇറാൻ സൈനിക കേന്ദ്രത്തിനുള്ളിൽ വെച്ചാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്.
2024 ജൂലൈയില്‍ മസൂദ് പെഷസ്കിയാന്‍ ഇറാന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സമയത്താണ് ഇരുവരും കണ്ടത്. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഗഡ്കരി പങ്കെടുത്തത്. വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ ചടങ്ങിലുണ്ടായിരുന്നു. ഇസ്‍മയില്‍ ഹനിയയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചടങ്ങിന് പോകുമ്പോള്‍ താന്‍ ഹനിയയെ കണ്ടു, എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. പുസ്തക പ്രസാധന ചടങ്ങിലാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.
''ചടങ്ങിന് ശേഷമാണ് സാഹചര്യം ആകെ മാറിയത്. പുലര്‍ച്ചെ നാലു മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി. ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ എത്തി പെട്ടന്ന് ഇവിടെ നിന്നും മാറണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോഴാണ് ഹമാസ് തലവനെ വധിച്ച കാര്യം പറയുന്നത്. ഞാന്‍ ഞെട്ടി. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി'', ഗഡ്കരി വിശദമാക്കി.
ജൂലൈ 31 ന് പുലര്‍ച്ചെ 1.15 നാണ് ഹനിയ കൊല്ലപ്പെട്ടത് എന്നാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ സൈനിക കേന്ദ്രത്തില്‍ ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡിന്‍റെ സുരക്ഷയില്‍ കഴിയുമ്പോഴാണ് ഹനിയ കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.
ചിലര്‍ പറയുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു കൊണ്ടാണ് ഹനിയ കൊല്ലപ്പെട്ടതെന്ന്. മറ്റു വഴിക്കാണെന്ന് ചിലര്‍ പറയുന്നു. എന്താണ് സംഭവമെന്ന് അറിയില്ലെന്നും ഗഡ്കരി പറഞ്ഞു. ഹനിയ താമസിച്ച കെട്ടിടം ഹ്രസ്വദൂര മിസൈല്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു എന്നാണ് ഇറാന്‍ സൈന്യത്തിന്‍റെ വിശദീകരണം.