ഗാസയിൽനിന്ന് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹാവശിഷ്ടങ്ങള്‍ ഹമാസ് തടവിലാക്കിയ രണ്ട് ബന്ദികളുടേതല്ലെന്ന് ഇസ്രായേൽ സ്ഥിരീകരികരണം. യുഎസ് മധ്യസ്ഥതയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ പ്രകാരമുള്ള ആദ്യഘട്ട കൈമാറ്റങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ. പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചൊവ്വാഴ്ച കൈമാറിയ അവശിഷ്ടങ്ങള്‍ ഗാസയിലെ വടക്കൻ നഗരമായ ബെയ്ത് ലാഹിയയിൽ നിന്നാണ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയതായും ഇത് മരിച്ച ബന്ദികളുമായി ബന്ധമില്ലാത്തതാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യക്തമാക്കി.
മൃതദേഹാവശിഷ്ടങ്ങൾ എന്നതിനു പകരം 'കണ്ടെത്തലുകൾ' എന്ന വാക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചത്. നിലവിൽ, ഇസ്രായേലി പൗരനായ റാൻ ഗ്വിലി, തായ് പൗരനായ സുക്തിസാക്ക് റിന്തലക് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഗാസയിൽ ശേഷിക്കുന്നത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗ്വിലി, നോവ മ്യൂസിക് ഫെസ്റ്റിവലിൽ ആളുകളെ രക്ഷിക്കാൻ സഹായിച്ചയാളാണ്. തായ്‌ലൻഡിൽ നിന്നുള്ള കാർഷിക തൊഴിലാളിയായ റിന്തലക് ആക്രമണത്തിൽ ഏറെ നാശനഷ്ടമുണ്ടായ കിബ്ബൂത്സ് ബേരിയിലെ ജീവനക്കാരനായിരുന്നു.
വെടിനിർത്തൽ തുടങ്ങിയ ഒക്‌ടോബർ ആദ്യം മുതൽ ഇതുവരെ 20 ബന്ദികളെ ജീവനോടെയും 26 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ഇസ്രായേലിന് തിരികെ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾക്കായി ഇസ്രയേൽ 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നുണ്ട്. ഗാസ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഇതുവരെ 330 മൃതദേഹാവശിഷ്ടങ്ങളാണ് ലഭിച്ചത്.
യുദ്ധത്തിൽ ഗാസയിലുണ്ടായ വ്യാപകമായ നാശനഷ്ടം കാരണം മൃതദേഹങ്ങൾ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് ഹമാസ് പറയുന്നു. അതേസമയം, ചില സന്ദർഭങ്ങളിൽ അവശിഷ്ടങ്ങൾ ഭാഗികമായി മാത്രം കൈമാറിയെന്നും മൃതദേഹങ്ങൾ കണ്ടെത്തിയതായി വ്യാജമായി ചിത്രീകരിച്ചെന്നും ഇസ്രായേൽ അധികൃതർ ഹമാസിനെതിരെ ആരോപിക്കുന്നുണ്ട്.