ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. പാക് ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യാന്തര സമാധാന സേനയുടെ ഭാഗമായാകും പാക് സൈന്യത്തെ വിന്യസിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയുടെ പുനരുദ്ധാരണത്തിനുള്ള സമാധാന സേനയിലേക്ക് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും സൈനികര്‍ എത്തുന്നത്. വൈകാതെ പാക് സൈന്യം ഗാസയില്‍ എത്തുമെന്നും ഇതിനായുള്ള അന്തിമ ചര്‍ച്ചകളിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.
'നിരായുധീകരണമടക്കമുള്ള വിഷയങ്ങള്‍ പലസ്തീനിലെ ഭരണകൂടത്തിന്‍റെ മാത്രം പരിധിയിലുള്ളതാണ്. സമാധാന പാലനം മാത്രമാണ് പാക്കിസ്ഥാന്‍റെ ജോലി. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്തിമ ധാരണയായാല്‍ സംഘത്തെ അയയ്ക്കുമെന്നും' ധര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിന്‍റെ നിരായുധീകരണത്തിന് പാക് സൈന്യത്തെ ഉപയോഗിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രതികരണം. പലസ്തീന്‍ ഭരണകൂടം മുന്‍കൈയെടുത്തുള്ള രാഷ്ട്രീയ ചര്‍ച്ചകളിലൂടെ മാത്രമേ നിരായുധീകരണം പോലെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് പാക് നിലപാടെന്നായിരുന്നു യുഎന്നിലെ പാക് സ്ഥാനപതി അസിം ഇഫ്തിക്കര്‍ അഹമ്മദ് വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ട്രംപ് മുന്‍കൈയെടുത്ത് തയാറാക്കിയ ഗാസ പുനരുദ്ധാരണ പദ്ധതിക്ക് യുഎസ് രക്ഷാസമിതി അംഗീകാരം നല്‍കിയത്. 13 അംഗങ്ങളാണ് പദ്ധതിയെ തുണച്ച് വോട്ട് ചെയ്തത്. ചൈനയും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം ഹമാസ് തള്ളി. നിരായുധീകരണത്തിനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹമാസ് നേതാക്കള്‍ വ്യക്തമാക്കി.