പെട്രോളിന്‍റെ രുചിയെന്താണ്? കുടിച്ചുനോക്കാന്‍ വരട്ടെ ചവര്‍പ്പ് കലര്‍ന്ന രൂക്ഷ രുചി എന്നാണ് കുടിച്ചവരുടെയും അബദ്ധത്തില്‍ വായിലായവരുടെയും മറുപടി. പക്ഷെ പുതിയ E-20 പെട്രോളിന് മധുരമാണത്രെ!!! ഇത് പറയുന്നത് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന വിഡിയോയാണ്. E-20 പെട്രോളില്‍ 20 ശതമാനത്തോളം എത്തനോളായതിനാല്‍ ഇതിന് മധുര രുചിയുണ്ടെന്നും ഉറുമ്പുകള്‍ ആകൃഷ്ടരായി വന്ന് ടാങ്ക് പൊതിയുമെന്നുമാണ് വിഡിയോയില്‍ പറയുന്നത്. ടാങ്കില്‍ ഉറുമ്പുകള്‍ പൊതിയുന്ന ദൃശ്യവും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പെട്രോളടിക്കുമ്പോള്‍ തേനീച്ച ടാങ്കിന് ചുറ്റും പൊതിയുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ E-20ക്ക് ഇത്തരമൊരു കഴിവുണ്ടോ? ഒന്ന് നിരീക്ഷിക്കാം.
മദ്യത്തിലെ പ്രധാന ഘടകമായ ആല്‍ക്കഹോളിന്‍റെ ഒരു വകഭേദമാണ് എഥനോള്‍. യഥാര്‍ഥത്തില്‍ എല്ലാ ആല്‍ക്കഹോളും മദ്യമായി ഉപയോഗിക്കാനാവില്ലെങ്കിലും എഥനോളാണ് ഇവയില്‍ ഭക്ഷ്യയോഗ്യമായ ആല്‍ക്കഹോള്‍. ഈ എഥനോള്‍ തന്നെയാണ് E-20 പെട്രോളിലും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുപ്രകാരം ഉറുമ്പുകളോ തേനീച്ചകളോ ടാങ്ക് പൊതിയുമെന്ന് കരുതുന്നത് ആനമണ്ടത്തരമാണ്.
ഇതിന് പ്രധാന കാരണം എഥനോള്‍ കലര്‍ന്ന E-20 പെട്രോളില്‍ മധുരത്തിന്‍റെ അളവ് തീരെ ഇല്ലെന്നത് തന്നെയാണ്. ശുദ്ധീകരണ പ്രക്രിയയും ഡിസ്റ്റിലേഷനും കടന്നാണ് പെട്രോളുമായി എഥനോള്‍ കലര്‍ത്തുക. ഈ ശുദ്ധീകരണത്തിലും ഡിസ്റ്റിലേഷനിലും കടക്കുന്നതോടെ എഥനോളിലെ പഞ്ചസാരയുടെ അളവ് കത്തിത്തീര്‍ന്ന് പൂജ്യം ശതമാനമാകുന്നു. ശേഷിക്കുന്ന ദ്രാവകത്തിന് മദ്യത്തേക്കാള്‍ കുത്തുന്ന ചവര്‍പ്പായിരിക്കും.
ഇത് കൂടാതെ ഈ ശുദ്ധീകരിച്ച എഥനോളിനെ സൂക്ഷ്മജീവികള്‍ നശിപ്പിക്കാതിരിക്കാനായി ഇതില്‍ ഡിനാച്വറൈസേഷന്‍ എന്ന പ്രവര്‍ത്തി ചെയ്യും. ഇതോടെ ജൈവീകമായ എല്ലാ പദാര്‍ഥവും എഥനോളില്‍ നിന്ന് നശിച്ചുപോകും. ഇതുകൂടാതെ പ്രാണികള്‍ക്ക് ഗുരുതരമായേക്കാവുന്ന പെട്രോളുമായി ചേര്‍ക്കുമ്പോള്‍ എഥനോളിന് അതിന്‍റെ സ്വാഭാവിക മദ്യമണം പോകുകയും കൂടുതല്‍ രൂക്ഷമായ ഗന്ധം വരികയും ചെയ്യും. എന്നാല്‍ സാധാരണ പെട്രോളിന്‍റെ അത്ര രൂക്ഷമായ ഗന്ധമായിരിക്കുകയുമില്ല ഇത്.
പ്രാണികളെ ആകര്‍ഷിക്കുന്നുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോകള്‍ വ്യാജമാണെന്നതിന് സംശയമൊന്നുമില്ല. എന്നാല്‍ ഇനിയും സംശയമുള്ളവര്‍ക്ക് മറുപടിയുമായി ഒരു വ്ലോഗറും രംഗത്തുവന്നിട്ടുണ്ട്. E-20 പെട്രോള്‍ ഉറുമ്പുകള്‍ക്ക് സമീപം ഒഴിക്കുമ്പോള്‍ ഉറുമ്പുകള്‍ ഓടിമാറുന്നത് വ്യക്തമായി കാണുകയും ചെയ്യാം. എഥനോള്‍ മികച്ച ഇന്ധനമെന്നതില്‍ സംശയമില്ല എന്നാല്‍ പ്രാണികളെപ്പോലും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഘടകവും E-20 പെട്രോളിലില്ലെന്നതാണ് സത്യാവസ്ഥ.