പെട്രോൾ–ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണ്.
പ്രതിപക്ഷത്തിരുന്നപ്പോൾ “സംസ്ഥാനം നികുതി കുറയ്ക്കണം” എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കുകയാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷാഭരിതരാണ്. – അദ്ദേഹം കുറിച്ചു.
രണ്ടാഴ്ചക്കിടെ ഇതു നാലാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂടിയത്. 12 ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വില കൂടിയത് 8.05 രൂപ. ഡല്‍ഹിയിലെ പെട്രോള്‍ വില 102.12 രൂപ, ഡീസലിന് 95.20രൂപ.
കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു. കൊച്ചിയില്‍ ഡീസല്‍വില 102.52 രൂപ, പെട്രോളിന് 113.61. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപ, പെട്രോളിന് 115.26. കോഴിക്കോട് ഡീസലിന് 102.78, പെട്രോളിന് 113.77 രൂപ. പശ്ചിമേഷ്യന്‍ യുദ്ധമാണ് ഇന്ധനവില വര്‍ധനവിനു കാരണമായി സര്‍ക്കാര്‍ പറയുന്നത്. എണ്ണക്കമ്പനികള്‍ കനത്ത നഷ്ടത്തിലൂടെ കടന്നുപോകുന്നതെന്നും വാദം. തുടര്‍ച്ചയായ ഈ ഇന്ധനവിലവര്‍ധനവ് മൂലം വലിയ വിലക്കയറ്റത്തിനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇന്ധനവില വരുംദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യത.