മേയ് 15 മുതല്‍ നാലു തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടിയത്. ചെറുതും വലുതുമായി ഇതുവരെ 7.50 രൂപയാണ് പെട്രോളിനുംഡീസലിനും വര്‍ധിച്ചത്. രാജ്യാന്തര വില കൂടുന്നു എന്ന ന്യായം പറയുമ്പോഴും ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്ത് ഒരു ഇളവും പൊതുമേഖലാ എണ്ണ കമ്പനികള്‍ അനുവദിച്ചിട്ടില്ല.
രാജ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ രാജ്യത്തെ എണ്ണ വിലയിലും കുറവുണ്ടാകുമെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ഇന്ധന വില നിയന്ത്രണാധികാരം കൈമാറുന്നത്. അങ്ങനെ പെട്രോൾ, ഡീസൽ വില ദിവസേനെ പുതുക്കുന്ന രീതിയിലേക്ക് എണ്ണ കമ്പനികൾ കടന്നു. എന്നാൽ രാജ്യന്തര വിപണിയില്‍ എണ്ണ വില ഇടിയുമ്പോള്‍ ഇത് സാധാരണക്കാരന് ലഭിച്ചില്ലെന്നതാണ് 2022 മുതലുള്ള സത്യം.
2022 ലെ അവസ്ഥ
2022 ഏപ്രിൽ ആറിനു ശേഷം 2024 മാർച്ച് 14 വരെ ഇന്ത്യയില്‍ എണ്ണ വില കുറച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 140 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് വരെ എത്തി. എന്നിട്ടും കുറഞ്ഞ വിലയുടെ ആനുകൂല്യം ഇന്ത്യക്കാരന് ലഭിച്ചില്ല. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞപ്പോഴും ഇന്ത്യക്കാരൻ പെട്രോളടിച്ചത് 2022 ൽ ക്രൂഡ് ഓയിൽ വില 140 ഡോളറിലെത്തിയപ്പോൾ നിശ്ചയിച്ച നിരക്കിലാണ്. 2024 മാര്‍ച്ച് 15 ന് രണ്ടു രൂപ എണ്ണ വിലയില്‍ കുറഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്.
ഇതിന് മുന്‍പ് 2021 നവംബർ നാലിന് തുടങ്ങി 137 ദിവസം രാജ്യത്ത് എണ്ണ വില മാറ്റം വരുത്തിയിരുന്നില്ല. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ തുടക്കത്തിൽ രാജ്യാന്തര വിപണിയിലുണ്ടായ ഉയർന്ന വില പോലും പരിഗണിക്കാതെയായിരുന്നു ഇത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇക്കാലത്ത് നടന്നു എന്നത് ശ്രദ്ധേയം. ശേഷം മാർച്ച് 22 മുതൽ എണ്ണ കമ്പനികൾ പ്രതിദിന വില പുതുക്കലിലേക്ക് കടന്നു. ഏപ്രിൽ ആറു വരെ 10 രൂപയോളം വില വർധിച്ചതിന് ശേഷമാണ് ദീർഘനാളത്തെ ഇടവേള.
ലാഭമെടുക്കുന്ന എണ്ണ കമ്പനികൾ
രാജ്യത്തെ ഇന്ധന വിതരണത്തിന്റെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളാണ്. പൊതുമേഖലാ എണ്ണ കമ്പനികൾ കുറഞ്ഞ വിലയിൽ നിന്ന് ലാഭമെടുത്തതാണ് റീട്ടെയില്‍ വില കുറയ്ക്കാതിരിക്കാന്‍ കാരണം. കമ്പനികളുടെ ലാഭ കണക്ക് നോക്കാം,
2024-25 സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ കമ്പനികള്‍ 77280.65 കോടി രൂപയുടെ ലാഭമുണ്ടാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 130 ശതമാനം അധികം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മൂന്നു കമ്പനികളുടെയും ലാഭം 19470 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം. ഈ സമയത്താണ് യു.എസ്– ഇറാന്‍ സംഘര്‍ഷം ആരംഭിച്ചത്.
നഷ്ട കണക്ക് തള്ളി കോണ്‍ഗ്രസ്
എണ്ണ കമ്പനികളുടെ നഷ്ടമെന്ന വാദത്തെ തള്ളുകയാണ് കോണ്‍ഗ്രസ്. ഒരു ലിറ്റര്‍ ഡീസല്‍ വിസല്‍ക്കുമ്പോള്‍ 38 രൂപ നഷ്ടമെന്ന് പറയുമ്പോള്‍ 81000 കോടി രൂപ എവിടെ പോയെന്ന് ചോദിക്കുകയാണ് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു പൊതുമേഖലാ കമ്പനികളും കൂടി 81000 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. ഏഴ് പാദങ്ങളില്‍ തുടര്‍ച്ചയായി ലാഭമുണ്ടാക്കി. ഈ സമയത്ത് ഒരു രൂപ പോലും പൊതുജനങ്ങളക്ക് നല്‍കിയിട്ടില്ല. 2016 ല്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ 11 രൂപ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച ജനങ്ങളെ പിഴിഞ്ഞെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
'നഷ്ടം ജനങ്ങള്‍ക്കും ലാഭം കമ്പനികള്‍ക്കും' എന്നാതാണ് കമ്പനികളുടെ രീതി. 2014 ല്‍ ക്രൂഡ് ഓയില്‍ വില 114 ഡോളറിലെത്തിയ സമയം പെട്രോളിന് ലീറ്ററിന് 72 രൂപയായിരുന്നു. 2026 ല്‍ ക്രൂഡ് ഓയില്‍ വില 97 ഡോളറിലെത്തിയപ്പോള്‍ 103 രൂപയായി എന്നും മാണിക്യം ടാഗോര്‍ എക്സില്‍ കുറിച്ചു.
2026ലെ ക്രൂഡ് ഓയില്‍ വില
2026 ഫെബ്രുവരി എട്ടിന് ഹോര്‍മുസ് അടച്ചിട്ട സമയത്ത് 126 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വിലയെത്തി. ഇതിനു ശേഷം 78 ദിവസത്തിനു ശേഷം മേയ് 15 നാണ് ഇന്ത്യയില്‍ എണ്ണ വില വര്‍ധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തി. കമ്പനികള്‍ 1000 കോടി രൂപ ദിവസം നഷ്ടമുണ്ടാക്കുന്നു എന്നായിരുന്നു കണക്ക്. ഇന്ന് 100 ഡോളറിന് താഴെയാണ് ക്രൂഡ് ഓയില്‍ വില.