സംസ്ഥാനത്ത് ലീഗിന്‍റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ആരാകണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്‍ററി പാര്‍ട്ടി ചേര്‍ന്നാണ്. അല്ലാതെ ഘടകകക്ഷിയായ ലീഗ് അല്ല. ലീഗ് ഇങ്ങനെയൊരു അഭിപ്രായം നേരത്തേ പറഞ്ഞതിന് മറ്റ് ഉദ്ദേശങ്ങളുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 'ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിനര്‍ഥം. ലീഗിന്‍റെ ഭരണം വന്നാല്‍ അരാജകത്വമല്ലാതെ വല്ലതുമുണ്ടാകുമോ? മാറാട് എത്രയെണ്ണം ഉണ്ടാകും? എന്‍റെ കോലം വരേ കത്തിച്ചില്ലേ? അവരുടെ സര്‍വാധിപത്യത്തിന് നിന്ന് കൊടുക്കാന്‍ ഘടകകക്ഷികള്‍ നിര്‍ബന്ധിതരാകും. റിസള്‍ട്ട് വന്നാല്‍ മുഖ്യമന്ത്രിയാകാനുള്ള അര്‍ഹതയുണ്ടെന്ന് ലീഗ് പറയും. അത് കിട്ടിയില്ലെങ്കിലും ഉപമുഖ്യമന്ത്രിയെങ്കിലും കിട്ടണം, അവര്‍ ചോദിക്കും കോണ്‍ഗ്രസ് കൊടുക്കും'- വെള്ളാപ്പള്ളി ആരോപിച്ചു. 

എക്സിറ്റ് പോളുകള്‍ എല്ലായ്പ്പോഴും ശരിയാകണമെന്ന് ഇല്ലെന്നും അത് തെറ്റിയിട്ടുണ്ടെന്നും ചെറിയ ഭൂരിപക്ഷത്തിനെങ്കിലും പിണറായി സര്‍ക്കാര്‍ വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്‍റെ ആഗ്രഹം അങ്ങനെയാണെന്നും ഇടതുപക്ഷം തോറ്റാല്‍ മതാധിപത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപത് ലക്ഷം  പേര്‍ക്ക് നാലായിരം രൂപ വച്ച് നല്‍കിയതും പിന്നാക്ക– അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ചെയ്ത സഹായങ്ങളും വോട്ടായി മാറിയിട്ടുണ്ടാകുമെന്നും വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. 

കോണ്‍ഗ്രസിലെ മുഖമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളില്‍ ജനവികാരം പരിഗണിച്ച്  ഹൈക്കമാന്‍ഡ് തീരുമാനം  എടുക്കുമെന്ന് വ്യക്തമാക്കിയ പാണക്കാട് സാദിഖലി തങ്ങള്‍ സതീശനെ മുഖ്യമന്ത്രിയാക്കുന്നതിന് പരോക്ഷ പിന്തുണയും അറിയിച്ചിരുന്നു.

ENGLISH SUMMARY:

SNDP Yogam General Secretary Vellappally Natesan has strongly criticized the IUML and the UDF following exit poll predictions. He claimed that if UDF wins, it will lead to 'religious hegemony' and 'anarchy' dominated by the League. Rejecting exit polls, Natesan expressed hope for a narrow LDF victory, citing the government's welfare schemes for the backward classes as a decisive factor.