സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപേ, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയത്.  

വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട സ്ത്രീകൾ നിർവഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ തയ്യാറായത്. 3720 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച്‌ മാസം വരെ പെൻഷൻ നൽകുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതൽ അപഹസിക്കാൻ തയ്യാറായ യുഡിഎഫ് നേതൃത്വമാണ് ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയ്യാറാക്കുന്നത്. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാനപദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണം'.– അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Women's security pension is facing obstacles due to the UDF government's stance, as highlighted by opposition leader Pinarayi Vijayan. This political decision is impacting over 1.6 million homemakers who have been beneficiaries of this crucial financial aid.