സി.എം.ആർ.എൽ ഇടപാടുകളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഡിവിഷന്‍ ബെഞ്ച്. കേസില്‍ പിണറായി അടക്കമുളളവരുടെ അപ്പീലുകള്‍ക്കുള്ള അനുമതി അപേക്ഷ വിധി പറയാന്‍ മാറ്റി. അപ്പീല്‍ അപേക്ഷയിലെ വാദത്തില്‍ പിണറായി വിജയനടക്കമുള്ള ഹർജിക്കാരുടെ വാദത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ.
ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇത് സിംഗിൾ ബെഞ്ച് റദ്ദാക്കി. കെ.എം.ഷാജഹാന്റേത് പൊതുതാൽപര്യ ഹർജിയാണെന്ന് സിംഗിൾ ബെഞ്ചിൽ നിലപാടെടുത്തതായി എ.ജി അറിയിച്ചു.
ഇക്കാര്യം സിംഗിള്‍ ബെഞ്ച് വാക്കാല്‍ അംഗീകരിച്ചു. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടുന്നയാള്‍ എന്ന നിലയില്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ഇഡി നൽകിയത് റിപ്പോർട്ട് മാത്രമാണെന്നും, സാക്ഷി മൊഴികളും മറ്റു രേഖകളും ഇല്ലായിരുന്നുവെന്നുമുള്ള സിംഗിൾ ബെഞ്ചിലെ വാദം സർക്കാർ ഡിവിഷൻ ബെഞ്ചിലും ആവർത്തിച്ചു.
കെ.എം.ഷാജഹാൻ സത്യസന്ധതയില്ലാത്ത വ്യവഹാരിയാണെന്ന് സർക്കാരും, അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നയാളായി കാണാനാവില്ല എന്ന് ഹർജിക്കാരും വാദിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ടി.വീണയുടെ അഭിഭാഷകനും വാദമുയര്‍ത്തി. പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണെന്നും കേസെടുക്കാത്തതില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയല്ല ചെയ്യേണ്ടതെന്നുമായിരുന്നു ടി.വീണയുടെ വാദം.