ഡൽഹിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ എൻഎസ്‌യുഐ പ്രവർത്തകർ മിന്നൽ സമരം നടത്തി. എൻഎസ്‌യുഐ ദേശീയ പ്രസിഡന്റ് വിനോദ് ഝാക്കർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൻപഥ് മേഖലയിലും പ്രതിഷേധം അരങ്ങേറി. എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകരാണ് ഇവിടെ പ്രതിഷേധിച്ചത്. ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകരെ സൻസദ് മാർഗിൽ പൊലീസ് തടഞ്ഞു. Also Read: സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് പൊലീസല്ല, FIR ല്‍ പേരില്ലാത്തത് എന്തുകൊണ്ട്? വിശദീകരിച്ച് ആഭ്യന്തരമന്ത്രി
ജന്തർ മന്തറിൽ മാത്രമേ പ്രതിഷേധം നടത്തുകയുള്ളൂവെന്നും മറ്റ് വേദികൾ സ്വീകാര്യമല്ലെന്നും സിജെപി വ്യക്തമാക്കി. വരും ദിവസങ്ങളിലും മിന്നൽ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ നേരിൽ കാണാൻ അനുവദിക്കുന്നില്ലെന്ന് സംഘടനയുടെ അഭിഭാഷകൻ ആരോപിച്ചു. ഫോണിലൂടെ സംസാരിക്കാനാണ് പൊലീസ് നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗരവ് ദാസ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തതായും സിജെപി ആരോപിച്ചു.
അതിനിടെ, ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഏകദേശം 500 പോസ്റ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ വിവിധ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ, സമരങ്ങളുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പ്രചാരണങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.