(AP Photo/CDC)

സംസ്ഥാനത്ത് ഷിഗെല്ല മരണം കൂടുന്നു. രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് ഒടുവില്‍ മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.

മലപ്പുറം കോഡൂര്‍ സ്വദേശിയായ ഏഴുവയസുകാരന്‍ ആര്‍ജവ്  ഷിഗെല്ല ബാധിച്ച് രാവിലെ മരിച്ചിരുന്നു. വയറിളക്കവും പനിയും ബാധിച്ചാണ് ആര്‍ജവിനെ കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചേയായിരുന്നു മരണം. മഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ നിന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിയിലിരിക്കെയാണ് മരണം. 

കോഴിക്കോട് മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്നുകുട്ടികള്‍ കൂടി രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് ചങ്ങരോത്ത്, പുതിയങ്ങാടി, ഫറോക്ക് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 71 ആയി.  കണ്ണൂരില്‍ രണ്ടു കുട്ടികള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു

പുതിയങ്ങാടിയിലെ അഞ്ചുവയസുകാരനും ചങ്ങോരത്ത് പഞ്ചായത്തിലെ ആറുവയസുകാരിയും ആരോഗ്യനില വീണ്ടെടുത്തതോടെ ആശുപത്രി വിട്ടു.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

ENGLISH SUMMARY:

Shigella outbreak in Kerala is on the rise, with two more deaths reported, highlighting the urgent need for public health awareness and preventive measures. The health department is intensifying its efforts to contain the spread of this infectious disease.