അഭിമാന പോരാട്ടം നടക്കുന്ന അമ്പലപ്പുഴയിൽ ജി.സുധാകരന്റെ സ്‌ഥാനാർഥിത്വം കൊണ്ടുണ്ടായ പ്രതികൂല ഘടകങ്ങൾ കാരണം എല്‍ഡിഎഫ് പിന്നിൽ പോകാൻ സാധ്യതയുണ്ടെന്ന് സിപിഎം പ്രാഥമിക വിലയിരുത്തൽ. ഹരിപ്പാടും കുട്ടനാടും എല്‍ഡിഎഫിന് വിജയസാധ്യയില്ലെന്നും മൂന്നിടത്ത് വിജയം ഉറപ്പെന്നുമാണ് ബൂത്ത് തല കണക്കുകൾ അടിസ്ഥാനമാക്കിയുള്ള സിപിഎം നിഗമനം. നാലിടത്ത് മൽസരം കടുത്തതെന്നും പാർട്ടി വിലയിരുത്തുന്നു.
അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മൽസരമെന്ന വിലയിരുത്തലിൽ സിപിഎം. ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരം, ജി.സുധാകരൻ എതിർ സ്ഥാനാർഥി ആയത്, പാർട്ടി അനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ നിമിത്തം നേരിയ വോട്ടുകൾക്ക് അമ്പലപ്പുഴ എല്‍ഡിഎഫിന് നഷ്ടമാകാനുള്ള സാധ്യതയും കണക്കുകൾ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിൽ വ്യക്തമാക്കുന്നു.
അനുകൂല ഘടകങ്ങൾ വോട്ടായി മാറിയാൽ 5000ൽ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. അനുഭാവി വോട്ടുകളിൽ കുറവുണ്ടായെങ്കിലും പരമ്പരാഗത സിപിഎം വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നിട്ടില്ല. ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്‌ടമായി. ബിജെപി വോട്ടുകൾ ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. കളർകോട്, കൈതവന, പഴവീട് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല.
അമ്പലപ്പുഴയ്ക്കു പുറമേ കായംകുളം, കുട്ടനാട് , ആലപ്പുഴ, അരൂർ എന്നിവിടങ്ങളിൽ കടുത്ത മൽസരമാണ്. ഇതിൽ ആലപ്പുഴ ഒഴികെയുള്ള നാലിടത്തും മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയിരുന്നു. അരൂരിൽ ബൂത്ത് തല കണക്കുകൾ പ്രകാരം അറുനൂറോളം (600) വോട്ടുകൾക്ക് എല്‍ഡിഎഫ് പിന്നിലാണ്. ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. ഹരിപ്പാട്, കുട്ടനാട് സീറ്റുകൾ നഷ്ടമാകും. കുട്ടനാട്ടിൽ 7600 ഓളം വോട്ടുകൾക്ക് എൽഡിഎഫ് പിന്നിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സിപിഎം തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറിമാരുടെ യോഗം ഇന്നലെ ചേർന്നു. ഇന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ വിശദമായ ചർച്ച നടക്കും.