waqf-land-issue-cm-statement

കേരളത്തിന്റെ സാമ്പത്തിക ബാധ്യതകളും വികസന പദ്ധതികളും സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.  കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥ എന്താണെന്ന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധവളപത്രം (White paper) ഇറക്കിയാൽ അത് യഥാർത്ഥത്തിൽ ഒരു 'കരിമ്പത്രം' (Black paper) ആയി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. ഡൽഹിയില്‍ വച്ച്  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ ഡയറക്ടർ ബോർഡ് യോഗം അടുത്ത ദിവസം തന്നെ ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ എത്രയെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കും ഈ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. ദേശീയ നികുതി വിഹിതത്തിൽ കേരളത്തിന് വലിയ തോതിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് 3.5 ശതമാനം ലഭിച്ചിരുന്ന നികുതി വിഹിതം പിന്നീട് 1.92 ശതമാനമായി കുറഞ്ഞിരുന്നു. നിലവിൽ അത് 2.32 ശതമാനമാണ്. പതിനാറാം ധനകാര്യ കമ്മീഷന് മുന്നിൽ പ്രതിപക്ഷവുമായി ചേർന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട വിഹിതം നേടിയെടുക്കാനായി ശക്തമായ പ്രെസന്റേഷൻ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മുൻപ് കേന്ദ്ര സർക്കാർ പൂർണ്ണമായി പണം നൽകിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ 40 ശതമാനം തുക സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നാണ് കേന്ദ്ര തീരുമാനം. ഈ വലിയ സാമ്പത്തിക ബാധ്യത പുതിയ സർക്കാരിന്റെ മുകളിലാണ് വന്നിരിക്കുന്നത്." വിഡി സതീശന്‍ പറഞ്ഞു,

മുനമ്പം ഉൾപ്പെടെയുള്ള വഖഫ് ഭൂമി പ്രശ്നങ്ങളിൽ മുൻ എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി കാര്യങ്ങൾ വഷളാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയമായി നിയമിക്കപ്പെട്ട വഖഫ് ബോർഡ് അവസാന നിമിഷങ്ങളിൽ എടുത്ത തെറ്റായ തീരുമാനങ്ങൾ നിയമപരമായി റദ്ദാക്കാനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഈ വിഷയം ഉയർത്തിക്കാട്ടി രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഫലപ്രദമായി ഇടപെട്ടത് യു.ഡി.എഫ് ആണെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. പത്ത് മിനിറ്റ് കൊണ്ട് തീർക്കാമായിരുന്ന പ്രശ്നം സങ്കീർണ്ണമാക്കാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്നും, എന്നാൽ പുതിയ സർക്കാർ അവിടെയുള്ള പാവപ്പെട്ട മനുഷ്യരെ സംരക്ഷിക്കുമെന്നും അവർക്ക് ഭൂമിയിൽ പൂർണ്ണ അവകാശവും നികുതി അടയ്ക്കാനുള്ള സംവിധാനവും വേഗത്തിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള സദസ്സിനിടയിൽ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ സസ്പെൻഡ് ചെയ്ത നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മുൻപ് ഈ കേസിൽ മർദ്ദനമേറ്റ ദൃശ്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് പോലീസ് കോടതിയിൽ പച്ചക്കള്ളം കാണിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയുമാണുണ്ടായത്. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസ് അത് വെച്ചുതാമസിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തതും. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കേസിൽ ദുർബലമായ വകുപ്പുകൾ ചുമത്തിയതിനെതിരെയും അന്വേഷണ റിപ്പോർട്ട് പൂർണ്ണമായി പരിശോധിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

കേരള ഹൗസിൽ ഗേറ്റുകൾ അടച്ച് ഡൽഹിയിലെ മലയാളി സമൂഹത്തെ അകറ്റിനിർത്തിയെന്ന രീതിയിലുള്ള പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ജനങ്ങളെ ഭയമില്ലെന്നും അവര്‍ വരുന്നത് തനിക്ക് പ്രശ്നമല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ പാകപ്പിഴകൾ പരിശോധിക്കുമെന്ന് അറിയിച്ചു. ഡൽഹിയിലെ ട്രാവൻകൂർ പാലസ് സന്ദർശിച്ചതിനെക്കുറിച്ച് സംസാരിക്കവേ, അത് സംസ്ഥാനത്തിന്റെ വലിയൊരു സ്വത്തും അഭിമാനകരമായ പൈതൃകവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതിനെ സംസ്ഥാനത്തിന്റെ അന്തസ്സായി തന്നെ നിലനിർത്തുമെന്നും വരാനിരിക്കുന്ന ബജറ്റിൽ ആവശ്യമായ തുക വകയിരുത്തി കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Kerala financial liabilities and development projects are under scrutiny as CM V D Satheesan has requested a report on KIIFB's current status. He also commented on the national tax share for Kerala and the funding issues of the Mahatma Gandhi NREGA scheme.