gunman-anil-police-suspension-2

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ മർദ്ദന കേസിൽ പ്രതികളായ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി  റവാഡ ചന്ദ്രശേഖറാണ് സസ്പെൻഡ് ചെയ്തത്. പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിക്കാനെത്തിയ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിലാണ് നടപടി. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഈ അക്രമത്തെ 'രക്ഷാപ്രവർത്തനം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 

 

എന്നാൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പുനഃരാന്വേഷണത്തിൽ ഇതൊരു ക്രിമിനൽ കുറ്റകൃത്യമാണെന്ന് കണ്ടെത്തി. എസ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷം ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ മാറ്റിനിർത്തിയിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടത് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതും ലാത്തി പോലെയുള്ള ഉപകരണം ഉപയോഗിച്ച് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചതും ഗുരുതരമായ ചട്ടലംഘനമാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ സാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിണറായി വിജയന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന അനിൽകുമാർ, എസ്കോർട്ട് സംഘത്തിലുണ്ടായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ENGLISH SUMMARY:

Five police officers, including former Chief Minister Pinarayi Vijayan’s security personnel, have been suspended in connection with the Alappuzha “rescue operation” assault case during the Nava Kerala Yatra. A reinvestigation by the Special Investigation Team found serious protocol violations and criminal misconduct in the alleged assault on protesters who attempted to show black flags. The report states that the incident could attract charges including attempted murder.