karnataka-chief-minister-selection

കർണാടക കോൺഗ്രസിനകത്ത് ദീർഘനാളായി നിലനിൽക്കുന്ന മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഹൈക്കമാൻഡ് തലത്തിൽ മാരത്തോൺ ചർച്ചകൾ തുടരുന്നു. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി പ്രത്യേക ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള ശക്തമായ സൂചനകളാണ് ഹൈക്കമാൻഡ് നൽകുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന നേതൃത്വ തർക്കത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സംസ്ഥാനത്തെ എം.എൽ.എമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് ചർച്ചകൾക്ക് വേഗം കൂട്ടിയത്. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

എന്നാൽ, സിദ്ധരാമയ്യയ്ക്ക് പകരം ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായാണ് വിവരങ്ങൾ. സിദ്ധരാമയ്യ പക്ഷത്തുള്ള വലിയൊരു വിഭാഗം എം.എൽ.എമാരുടെ പിന്തുണ ഡി.കെ. ശിവകുമാറിന് ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഇതോടെ, ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരു മൂന്നാമനെ കണ്ടെത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.

തനിക്ക് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ പദവിയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇനി പദവി ഒഴിഞ്ഞാൽ പകരം മുതിർന്ന നേതാവ് ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ആദ്യഘട്ടത്തിൽ പാർട്ടി തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ഡി.കെ. ശിവകുമാറിന്റെ വാദം. പ്രിയങ്ക ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും ഡി.കെ. പക്ഷം അവകാശപ്പെടുന്നു.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കർണാടക രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയും ചർച്ചകളിൽ ഉയരുന്നുണ്ട്. സംസ്ഥാനത്തെ ചില എം.എൽ.എമാർ തന്നെ ഖാർഗെയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന ഖാർഗെ, ഇരുപക്ഷത്തിനും ഒരുപോലെ പൊതുസമ്മതനായ നേതാവാണ്.

ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപായി കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്തിമ പരിഹാരം കാണാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ മാറുകയാണെങ്കിൽ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചർച്ചകളിൽ വിവിധ നേതാക്കളുടെയും എം.എൽ.എമാരുടെയും അഭിപ്രായങ്ങൾ വിശദമായി കേട്ട ശേഷം രാഹുൽ ഗാന്ധിയായിരിക്കും കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഡി.കെ. ശിവകുമാറിന്റെ സാധ്യതകൾ മങ്ങുകയും സിദ്ധരാമയ്യ മാറ്റത്തിന്റെ വക്കിൽ നിൽക്കുകയും ചെയ്യുമ്പോൾ, കർണാടകയിൽ പുതിയൊരു സർപ്രൈസ് മുഖ്യമന്ത്രി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Karnataka Congress CM dispute is ongoing as the high command deliberates to resolve the Chief Minister's post contention. The leadership is signaling a potential change, with discussions centering on finding a consensus candidate amidst the ongoing power struggle between Siddaramaiah and DK Shivakumar.