മന്ത്രിയാകണോ? എങ്കിൽ മത്സരിക്കേണ്ട ചില മണ്ഡലങ്ങളുണ്ട്. ജയിച്ചവരിൽ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരെയും മന്ത്രി സ്ഥാനത്തെത്തിച്ച അപൂർവതയാണ് തൃപ്പൂണിത്തുറയ്ക്കും തിരൂരങ്ങാടിക്കും ചേർത്തലയ്ക്കും അവകാശപ്പെടാനുള്ളത്. ഇതിൽ തന്നെ മന്ത്രിയും ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും പിറന്ന മണ്ഡലമാണ് തിരൂരങ്ങാടി.
ജയിച്ച ഒരാളൊഴികെ മറ്റെല്ലാവരും മന്ത്രിയായ മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയുടെ ആദ്യ എംഎൽഎയായ ടി.കെ രാമകൃഷ്ണൻ മൂന്നുതവണ മന്ത്രിയായി. ഒരുവട്ടം ആഭ്യന്തരവും കയ്യാളി. അടുത്ത എംഎൽഎ പോൾ പി മാണി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. കെജിആർ കർത്ത ആരോഗ്യമന്ത്രിയായി. വി. വിശ്വനാഥ മോനോൻ ധനമന്ത്രിയും. പിന്നീട് കെ. ബാബുവിന്‍റെ കാലം. 30 വർഷം എംഎൽഎയായ ബാബു ഉമ്മൻചാണ്ടി സർക്കാറിൽ എക്സൈസ് മന്ത്രിയായി.
ഈ മന്ത്രി പാരമ്പര്യത്തിന് മാറ്റം വന്നത് 2016 ലാണ്. കെ. ബാബുവിനെ തോൽപ്പിച്ച എം. സ്വരാജാണ് മണ്ഡലത്തിലെ മന്ത്രിയകാത്ത എക എംഎൽഎ. 2021 ൽ ബാബുവിനോട് സ്വരാജ് തോറ്റു. ഫലം മറ്റൊന്നായിരുന്നെങ്കിൽ തൃപ്പൂണിത്തുറയുടെ ചരിത്രവും ഒരുപക്ഷേ മാറിയേനെ.
ജയിച്ചിട്ടും സഭ കാണാത്ത എംഎല്‍എമാര്‍; 1965-ലെ തിരഞ്ഞെടുപ്പ് കഥ
രണ്ടു പേരൊഴികെ മണ്ഡലത്തിൽ നിന്നും ജയിച്ച എല്ലാവരും മന്ത്രിയായ ചരിത്രമാണ് തിരൂരങ്ങാടിക്ക്. ആദ്യമായി ജയിച്ച അവുക്കാദികുട്ടി നഹ 1968ൽ മന്ത്രിയായി. പിന്നീട് അഞ്ചു തവണ കൂടി മന്ത്രിയായ അദ്ദേഹം 1983 മുതൽ 87 വരെ ഉപമുഖ്യമന്ത്രിയുമായിരുന്നു. ലീഗ് മാത്രം മല്‍സരിച്ച് ജയിച്ചിരുന്ന തിരൂരങ്ങാടിയിൽ എകെ ആന്‍റണി ജയിച്ചതോടെ മണ്ഡലത്തിനൊരു മുഖ്യമന്ത്രിയെ കിട്ടി. വി.എ ബീരാൻ സാഹിബ്, കുട്ടി അഹമ്മദ് കുട്ടി, പി.കെ അബ്ദുറബ് എന്നിവരാണ് മന്ത്രിമാരായ തിരൂരങ്ങാടിക്കാർ. മണ്ഡലത്തിൽ നിന്നും സി.പി. കുഞ്ഞാലിക്കുട്ടി കേയിയും നിലവിലെ എംഎൽഎ കെപിഎ മജീദിനുമാണ് മന്ത്രി ഭാഗ്യം ലഭിക്കാതെ പോയത്.
തിരൂരങ്ങാടി പോലെ തന്നെയാണ് ചേർത്തല, രണ്ടു പേരൊഴിച്ചാൽ ചേർത്തലയുടെ എംഎൽഎമാരെല്ലാം മന്ത്രിമാരായിരുന്നു. കെ ആർ ഗൗരിയമ്മ റവന്യു മന്ത്രിയായി തുടങ്ങിയ പാരമ്പര്യം ഇന്ന് പി. പ്രസാദ് കൃഷി മന്ത്രിയായും തുടരുന്നു.
ഗൗരിയമ്മയ്ക്ക് ശേഷം സഭയിലെത്തിയ എൻ. പ്രഭാകര തണ്ടാർ മന്ത്രിയായില്ല. എം.കെ രാഘവൻ തൊഴിൽ മന്ത്രിയായി. നാലു തവണ മന്ത്രിയായ പി.എസ് ശ്രീനിവാസൻ റവന്യു, വ്യവസായം, ഗതാഗത വകുപ്പുകൾ ഭരിച്ചു. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്നു. പി. തിലോത്തമൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി. ഇപ്പോഴത്തെ കൃഷി മന്ത്രി പി, പ്രസാദ് ചേർത്തല എംഎൽഎയാണ്. മന്ത്രിയാകാത്ത മറ്റൊരാൾ സികെ ചന്ദ്രപ്പനായിരുന്നു. മൂന്നു തവണ മുഖ്യമന്ത്രിയായ എകെ ആന്‍റണി അവസാനം ആ സ്ഥാനത്തിരിക്കുമ്പോള്‍ ചേർത്തല എംഎൽഎ ആയിരുന്നു.
രാഷ്ട്രീയ സമവാക്യങ്ങളിലാണ് പലപ്പോഴും മന്ത്രിസ്ഥാനം നിശ്ചയിക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിലും 'മന്ത്രി ഭാഗ്യം' ഈ മണ്ഡലങ്ങളെ തുണയ്ക്കുമോ എന്നത് കാത്തിരുന്ന് കാണാം.