ചേർത്തല 11-ാം മൈലിൽ നിർമാണം പൂർത്തിയായ ഭാഗത്ത്  ദേശീയ പാതയിലുണ്ടായ ഗർത്തം നിർമാണത്തിലെ അശാസ്ത്രീയത കാരണമാണെന്ന ആക്ഷേപം ശക്തമാകുന്നു. എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെയാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടിപ്പാതയും മേൽ പാതയും ഉള്ള ഭാഗങ്ങളിൽ ഇൻ്റർലോക്ക് കട്ടകൾ ഒറ്റവരി അടുക്കിയാണ് പാർശ്വഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഈ കട്ടകൾക്കിടയിലൂടെ മണ്ണ് ഒലിച്ചിറങ്ങുന്നുണ്ട്. ഇത് പാതയുടെ ബലക്ഷയത്തിനും ഗർത്തങ്ങളും കുഴികളും രൂപപ്പെടുന്നതിനും റോഡ് ഇടിയുന്നതിനും കാരണമാകും. 

ചേർത്തലയിൽ ദേശീയ പാതയിൽ ഗർത്തം ഉണ്ടായ സാഹചര്യം പരിശോധിക്കാൻ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പുദ്യോഗസ്‌ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. കാരണം കണ്ടെത്തിയശേഷം മാത്രമേ കുഴിമൂടാൻ അനുവദിക്കൂ എന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പ്രദേശവാസികളും നിലപാടെടുത്തിരുന്നു. 

ഇന്നലെ വൈകിട്ട് ആറുമണിയോടെ രൂപപ്പെട്ട ഗര്‍ത്തം മൂടാന്‍ അധികൃതര്‍ രാത്രി ശ്രമിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. കലക്ടര്‍ എത്താതെ ഗര്‍ത്തം മൂടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എം.പി ദേശീയപാത അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കി. നിര്‍മ്മാണ പ്രവൃത്തികളിലെ വീഴ്ച അന്വേഷിക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Cherthala national highway pothole issues are escalating, with strong allegations pointing towards unscientific construction practices as the primary cause for the large sinkhole that appeared on the national highway in Cherthala. Authorities are set to investigate the matter thoroughly before any repair work commences to ensure the structural integrity of the road.