നിയമസഭയില്‍ ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപിക്ക് സാധ്യത പ്രവചിക്കുന്നത്. നേമത്ത് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് വിജയസാധ്യതയെന്ന് സര്‍വേ പറയുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും നേരിയ സാധ്യത പ്രവചിക്കുന്നുണ്ട്. നേമത്തും കഴക്കൂട്ടത്തും ശക്തമായ ത്രികോണമല്‍സരമാണ് അരങ്ങേറുന്നത്.

തിരുവനന്തപുരം ജില്ല

14 നിയമസഭാമണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗമായിരുന്നു. കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റെ അക്കൗണ്ടിലെത്തി. ഇക്കുറിയും ജില്ലയില്‍ എല്‍ഡിഎഫിന്റെ സ്വാധീനത്തിന് കുറവില്ല. 8 മുതല്‍ 10 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന് 2 മുതല്‍ 4 സീറ്റ് വരെയാണ് പ്രവചനം. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റുവരെ പ്രതീക്ഷിക്കാമെന്നും സര്‍വേ പറയുന്നു.

ഹോട്ട് സീറ്റ് – നേമം

ബിജെപി ദേശീയതലത്തില്‍ത്തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. പാര്‍ട്ടിക്ക് ആദ്യമായി എംഎല്‍എയെ നല്‍കിയ മണ്ഡലം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിക്കുന്ന മണ്ഡലം, ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തശേഷം നേമത്ത് നടക്കുന്ന ആദ്യ നിയമസഭാ മല്‍സരം – ഇതെല്ലാം ചേരുമ്പോള്‍ ജയം ഉറപ്പെന്ന ബിജെപിയുടെ ആത്മവിശ്വാസം അസ്ഥാനത്തല്ലെന്നാണ് സി–വോട്ടര്‍ സര്‍വേ പറയുന്നത്. 2021ല്‍ നേമത്ത് മന്ത്രി വി.ശിവന്‍കുട്ടി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇക്കുറി ശിവന്‍കുട്ടിയെയും രാജീവ് ചന്ദ്രശേഖറെയും നേരിടാന്‍ യുവതാരം കെ.എസ്.ശബരീനാഥനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ മല്‍സരം കടുത്തിട്ടുണ്ട്.

ഹോട്ട് സീറ്റ് – വട്ടിയൂര്‍ക്കാവ്

സമവാക്യങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായി രണ്ട് തുടര്‍വിജയങ്ങള്‍ കുറിച്ച വി.കെ.പ്രശാന്തിനെ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ ഏല്‍പ്പിച്ചപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അത് നേരിയ വ്യത്യാസത്തിലെങ്കിലും കാത്തുസൂക്ഷിക്കാന്‍ പ്രശാന്തിന് കഴിയുമെന്ന സൂചനയാണ് സി–വോട്ടര്‍ സര്‍വേ നല്‍കുന്നത്. നേരിയ വിജയസാധ്യത എന്നാണ് പ്രവചനം. 2019ലെ ഉപതിര‍ഞ്ഞെടുപ്പില്‍ 14,465 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച പ്രശാന്തിന്‍റെ 2021ലെ വിജയമാര്‍ജിന്‍  21,515 ആയിരുന്നു. ഇക്കുറി കെ.മുരളീധരനും ആര്‍.ശ്രീലേഖയുമാണ് എതിരാളികള്‍ എന്നതുകൊണ്ടുതന്നെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

ഹോട്ട് സീറ്റ് – കഴക്കൂട്ടം

കഴക്കൂട്ടം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാവ് വി.മുരളീധരനെ സഹായിച്ചേക്കുമെന്ന സൂചനയാണ് സി–വോട്ടര്‍ സര്‍വേയില്‍ ഉള്ളത്. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിശക്തനായ എതിരാളിയാണെങ്കിലും മുരളീധരന് നേരിയ സാധ്യത സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ശരത്ചന്ദ്ര പ്രസാദിനെയാണ് കഴക്കൂട്ടത്ത് രംഗത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശോഭ സുരേന്ദ്രനെ 23,497 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രന്‍ തറപറ്റിച്ചത്. ഈ ഭൂരിപക്ഷം മറികടന്നുവേണം ഇക്കുറി വി.മുരളീധരന് ജയിക്കാന്‍.

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. ആകെ 89,693 പേര്‍ സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി–വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും കൃത്യമായി പാലിച്ചിട്ടുമുണ്ട്.

BJP Likely to Reopen Kerala Account: Nemom and Kazhakkoottam Survey Projections Revealed:

The Manorama News – C-Voter Mega Election Survey predicts that the BJP is likely to reopen its account in the Kerala Assembly, with strong winning possibilities in Thiruvananthapuram district. Specifically, BJP State President Rajiv Chandrasekhar is projected to win in Nemom, while V. Muraleedharan holds a slight edge in Kazhakkoottam in what are described as intense triangular contests. Despite these potential BJP gains, the LDF is expected to maintain its overall dominance in the district, projected to secure 8 to 10 of the 14 available seats. The UDF is estimated to win between 2 and 4 seats, as the district witnesses significant shifts in voter sentiment across key constituencies like Vattiyoorkavu.