തൃശൂര്‍ ലോക്സഭാ മണ്ഡലം സുരേഷ് ഗോപി എടുത്തതുപോലെ നിയമസഭാമണ്ഡലം എടുക്കാന്‍ ബിജെപിക്ക് കഴിയുമോ? ബിജെപി കൂടി ഉള്‍പ്പെട്ട അതിശക്തമായ പോരാട്ടമാണ് മണ്ഡലത്തിലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ വ്യക്തമാക്കുന്നു. ആര്‍ക്കാണ് മേല്‍ക്കൈ എന്ന് പ്രവചിക്കാനാകാത്ത നിലയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ പി.ബാലചന്ദ്രനോട് വെറും 946 വോട്ടിനാണ് ബിജെപിയിലെ പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടത്. ബാലചന്ദ്രന് പകരം ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐ സ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്ന് രാജന്‍ ജെ.പല്ലനും കടുത്ത മല്‍സരം കാഴ്ചവച്ച് രംഗത്തുണ്ട്.

 

തൃശൂര്‍ ജില്ല

 

2021ല്‍ തൃശൂര്‍ ജില്ലയിലെ 13 സീറ്റുകളില്‍ പന്ത്രണ്ടും തൂത്തുവാരിയാണ് ഇടതുമുന്നണി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്. ഇക്കുറിയും ട്രെന്‍ഡില്‍ വലിയ വ്യത്യാസമില്ലെന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 9 മുതല്‍ 11 സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ട്. യുഡിഎഫിന് പ്രതീക്ഷിക്കാവുന്നത് 2 മുതല്‍ 4 വരെ സീറ്റാണ്. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ കിട്ടിയേക്കാം. എല്‍ഡിഎഫ് തൃശൂരില്‍ 36 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫിന് പ്രവചിക്കുന്ന വിഹിതം 33 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 23 ശതമാനം വോട്ട് പ്രതീക്ഷിക്കാം. മറ്റുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 8 ശതമാനം വരെ വോട്ട് കരസ്ഥമാക്കിയേക്കാം.

 

ഹോട്ട് സീറ്റ് – നാട്ടിക

 

സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍റെ കളംമാറ്റമാണ് നാട്ടികയെ ദേശീയശ്രദ്ധയില്‍ എത്തിച്ചത്. സിപിഐ നേതാവായിരുന്ന മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ഇക്കുറി രംഗത്തുള്ളത്. എന്നാല്‍ നാട്ടികയില്‍ എല്‍ഡിഎഫിനാണ് പ്രീ–പോള്‍ സര്‍വേ ജയസാധ്യത കണക്കാക്കുന്നത്. സിപിഐയിലെ ഗീത ഗോപിയാണ് ഇടത് സ്ഥാനാര്‍ഥി. 2021ലെ തിരഞ്ഞെടുപ്പില്‍ സി.സി.മുകുന്ദന്‍ 28,431 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസിലെ സുനില്‍ ലാലൂര്‍ ഇത്തവണയും മല്‍സര രംഗത്തുണ്ട്. സുനിലും ഗീത ഗോപിയും തമ്മിലാണ് ഇക്കുറി പ്രധാന മല്‍സരം.

 

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Manorama News–C Voter Mega Election Survey indicates a highly competitive political battle in the Thrissur Assembly constituency, with no clear frontrunner. BJP’s Padmaja Venugopal, who narrowly lost by just 946 votes in the last election, is once again in the spotlight. This time, CPI has fielded Alankode Leelakrishnan, while UDF candidate Rajan J Pallan is also putting up a strong fight. In Thrissur district overall, the survey suggests that the Left Democratic Front (LDF) is likely to maintain dominance, with a projected 9–11 seats out of 13. The United Democratic Front (UDF) is expected to win 2–4 seats, while the NDA may secure up to one seat. Vote share projections show LDF at 36%, UDF at 33%, NDA at 23%, and others at around 8%.