വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ നിയമസഭാ സീറ്റുകളിലെ അഭിപ്രായവോട്ടെടുപ്പ് ഫലം പുറത്തുവിട്ട് മനോരമന്യൂസ്. കേരളമൊന്നാകെ നടത്തിയ സര്‍വേയുടെ ആദ്യഘട്ടമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കാസര്‍കോട്ടെ അഞ്ചും കണ്ണൂരിലെ പതിനൊന്നും വയനാട്ടിലെ മൂന്നും കോഴിക്കോട്ടെ പതിമൂന്നും മലപ്പുറത്തെ പതിനാറും അടക്കം ആകെ 48 സീറ്റുകളിലെ സര്‍വേ ഫലം ജില്ലാടിസ്ഥാനത്തില്‍ പുറത്തുവിട്ടു. ഇതിനുസരിച്ച് മലബാറിലെ അഞ്ച് ജില്ലകളില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും. നാല്‍പ്പത്തെട്ടില്‍ 25 മുതല്‍ 34 സീറ്റ് വരെ യുഡിഎഫിന് ലഭിച്ചേക്കാം എന്നാണ് പ്രവചനം. എല്‍ഡിഎഫിന് 14 മുതല്‍ 23 സീറ്റ് വരെയും. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 4 മുതല്‍ 13 സീറ്റ് വരെ മലബാറില്‍ നഷ്ടപ്പെട്ടേക്കാം എന്നാണ് സര്‍വേ ഫലം. ഈ സീറ്റുകള്‍ യുഡിഎഫിന്‍റെ കണക്കിലേക്ക് മാറും.

 

Also read: പച്ചപുതച്ച് മലപ്പുറം; യുഡിഎഫിനൊപ്പമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ

 

കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. രണ്ട് മുതല്‍ നാലുസീറ്റ് വരെ ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നു. യുഡിഎഫിന് ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകളും കിട്ടിയേക്കാം. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയാണ് പ്രവചനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം പ്രവചിക്കുന്നത് യുഡിഎഫിനാണ്. 39 ശതമാനം. എല്‍ഡിഎഫിന് 34 ശതമാനം വോട്ട് കിട്ടുമെന്ന് സര്‍വേ പറയുന്നു. മഞ്ചേശ്വരമടക്കം സ്വാധീനമേഖലകള്‍ ഉള്ളതിനാല്‍ എന്‍ഡിഎയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചേക്കും. 5 ശതമാനം വോട്ട് മറ്റുകക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും പോകും.

 

കണ്ണൂര്‍ ജില്ലയിലെ 11 സീറ്റുകളില്‍ സ്വാഭാവികമായും ഇടതുമുന്നണി ആധിപത്യം തുടരുമെന്ന് സര്‍വേ വിലയിരുത്തുന്നു. ആറുമുതല്‍ എട്ടുസീറ്റ് വരെ എല്‍ഡിഎഫ് കരസ്ഥമാക്കും എന്നാണ് നിഗമനം. എന്‍ഡിഎയ്ക്ക് കണ്ണൂരില്‍ ഒരുസീറ്റിലും വിജയസാധ്യത ഇല്ല. സീറ്റ് എണ്ണം പോലെ വോട്ട് വിഹിതത്തിലും ഇടതുമുന്നണിയാണ് മുന്നില്‍. 43 ശതമാനം. യുഡിഎഫിന് 37 ശതമാനം വോട്ടാണ് പ്രവചനം. എന്‍ഡിഎയുടെ വോട്ട് വിഹിതം 13 ശതമാനം വരെ എത്തിയേക്കാമെന്ന് സര്‍വേ അനുമാനിക്കുന്നു. മറ്റ് കക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 7 ശതമാനം വോട്ട് പിടിക്കും.

 

വയനാട്ടില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ആകെയുള്ള മൂന്ന് സീറ്റില്‍ രണ്ട് മുതല്‍ മൂന്നുസീറ്റുവരെ യുഡിഎഫ് കരസ്ഥമാക്കാം എന്നതാണ് നില. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എന്‍ഡിഎ ചിത്രത്തിലില്ല. വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎനെ ബഹുദൂരം പിന്നിലാക്കും. 45 ശതമാനമാണ് വയനാട്ടില്‍ യുഡിഎഫിന് പ്രവചിക്കുന്ന വിഹിതം. എല്‍ഡിഎഫിന് മുപ്പത്തിമൂന്നും. എന്‍ഡിഎയ്ക്ക് സീറ്റ് പ്രവചിക്കുന്നില്ലെങ്കിലും 16 ശതമാനം വോട്ട് നേടാന്‍ സാഹചര്യമുണ്ടെന്ന് സര്‍വേ പറയുന്നു. സ്വതന്ത്രരും മറ്റ് കക്ഷികളും ചേര്‍ന്ന് 6 ശതമാനം വോട്ടും കരസ്ഥമാക്കും.

 

കോഴിക്കോട് ശക്തമായ പോരാട്ടമാണ്. അതില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കവുമുണ്ട്. ആറുമുതല്‍ എട്ടുസീറ്റ് വരെ എല്‍ഡിഎഫ് നേടിയേക്കാമെന്ന് പ്രീ–പോള്‍ സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 5 മുതല്‍ 7 സീറ്റ് വരെയാണ് സാധ്യത. എന്‍ഡിഎയ്ക്ക് വിജയസാധ്യത ഇല്ല. സീറ്റില്‍ പിന്നിലായേക്കാമെങ്കിലും വോട്ട് വിഹിതത്തില്‍ കോഴിക്കോട് യുഡിഎഫ് മുന്നിലെത്തുമെന്നാണ് സര്‍വേ ഫലം. 40 ശതമാനം വോട്ടാണ് യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 39 ശതമാനവും. എന്‍ഡിഎയ്ക്ക് 14 ശതമാനം വോട്ട് ലഭിച്ചേക്കാം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വിഹിതം 7 ശതമാനം വരും.

 

മലപ്പുറം എല്‍ഡിഎഫിന് കിട്ടാക്കനിയാകുമെന്നാണ് സര്‍വേയിലെ അനുമാനം. 16 സീറ്റുള്ള ജില്ലയില്‍ പൂജ്യം മുതല്‍ പരമാവധി രണ്ട് സീറ്റ് വരെയാണ് എല്‍ഡിഎഫിന് കണക്കാക്കുന്നത്. എന്നാല്‍ മുസ്‍ലിം ലീഗിന്‍റെ കരുത്തില്‍ യുഡിഎഫ് ജില്ല തൂത്തുവാരിയേക്കാം. 14 മുതല്‍ 16 സീറ്റ് വരെയാണ് യുഡിഎഫിന് പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടാന്‍ സാധ്യത തീരെയില്ല. വോട്ട് വിഹിതത്തില്‍ മലപ്പുറത്ത് യുഡിഎഫ് ബഹുദൂരം മുന്നിലാണ്. 49 ശതമാനമാണ് സര്‍വേ പ്രവചിക്കുന്ന വിഹിതം. ഇടതുമുന്നണി 34 ശതമാനം വോട്ട് നേടി പലയിടത്തും നല്ല മല്‍സരം കാഴ്ചവച്ചേക്കാം. 10 ശതമാനം വോട്ട് എന്‍ഡിഎയും 7 ശതമാനം മറ്റുള്ളവരും കരസ്ഥമാക്കും.

 

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Manorama News-C Voter pre-poll survey indicates a strong comeback for the UDF in the Malabar region, predicting 25 to 34 seats out of 48 across five northern districts. The LDF is expected to face a significant setback, potentially losing 4 to 13 seats compared to the previous 2021 assembly elections. While the Left maintains its dominance in Kannur and Kasaragod, the UDF is projected to sweep Malappuram and Wayanad with high vote shares. In Kozhikode, a tight contest is anticipated, with the LDF holding a slight edge in seat count despite a higher projected vote share for the UDF.