survey-malappuramN

മലപ്പുറത്ത് ഇക്കുറി യുഡിഎഫിനെ തൊടാനാവില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച സീറ്റുകളില്‍ ഇക്കുറി ഇടിവുണ്ടാകുമെന്നാണ് പ്രവചനം. 16 സീറ്റുള്ള ജില്ലയില്‍ യുഡിഎഫിന് 14 മുതല്‍ 16 സീറ്റ് വരെയാണ് സാധ്യത. എല്‍ഡിഎഫിന് പൂജ്യം മുതല്‍ രണ്ട് സീറ്റുവരെ ലഭിക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് ജയസാധ്യതയുള്ള ഒരു സീറ്റും ജില്ലയില്‍ ഇല്ല.

 

Also Read: കോഴിക്കോട്ട് യുഡിഎഫ് തിരിച്ചുവരവ്? എല്‍ഡിഎഫിന് നഷ്ടമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ

 

വോട്ട് വിഹിതത്തില്‍ യുഡിഎഫിന് വന്‍ മേധാവിത്വമാണ് മലപ്പുറത്ത്. 49 ശതമാനമാണ് യുഡിഎഫിന്‍റെ വോട്ട് ഷെയര്‍. ഇടതുമുന്നണിക്ക് 34 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് പത്തുശതമാനം വോട്ട് ലഭിച്ചേക്കും. സ്വതന്ത്രരും മറ്റ് കക്ഷികളും 7 ശതമാനം വോട്ടും നേടിയേക്കും.

 

ഹോട്ട് സീറ്റുകള്‍

 

താനൂരും തവനൂരുമാണ് മലപ്പുറം ജില്ലയിലെ ഹോട്ട് സീറ്റുകള്‍. അതില്‍ത്തന്നെ മുന്‍മന്ത്രി കെ.ടി.ജലീലും ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിയും ഏറ്റുമുട്ടുന്ന തവനൂരാണ് ശ്രദ്ധാകേന്ദ്രം. ബിജെപിയിലെ രവി തേലത്ത് ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ല്‍ ജലീല്‍ കോണ്‍ഗ്രസിലെ ഫിറോസ് കുന്നുംപറമ്പിലിനെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. 2564 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറി ഇവിടെ ജലീലിന് അടിപതറുമെന്നാണ് പ്രീപോള്‍ സര്‍വേ ഫലം. തവനൂരില്‍ വി.എസ്.ജോയിക്ക് ജയസാധ്യത പ്രവചിക്കുമ്പോള്‍ താനൂരില്‍ മുസ്‌ലിം ലീഗിലെ പി.കെ.നവാസിനാണ് ജയസാധ്യത. എന്‍.എസ്.സിയിലെ മുഹമ്മദ് ഷമീര്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കുവേണ്ടി ദീപ പുഴയ്ക്കലും രംഗത്തുണ്ട്.

 

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Malappuram election survey predictions indicate a strong UDF performance, with the Malayala Manorama Online News C-Voter mega election survey forecasting a significant drop in LDF seats. The survey suggests the UDF could secure 14 to 16 out of the 16 seats in the district.