വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിന് മികച്ച സാധ്യതയെന്ന് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം. രണ്ട് മുതല്‍ മൂന്നുസീറ്റുകള്‍ വരെയാണ് സര്‍വേ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് പൂജ്യം മുതല്‍ ഒരു സീറ്റിന് വരെ സാധ്യതയെന്ന് സര്‍വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് വിജയസാധ്യത തീരെയില്ല. വോട്ട് വിഹിതത്തില്‍ യുഡിഎഫ് ഇടതുമുന്നണിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. 45 ശതമാനമാണ് യുഡിഎഫിന് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. എല്‍ഡിഎഫിന്‍റേത് 33 ശതമാനമാണ്. എന്‍ഡിഎ 16 ശതമാനം വോട്ട് നേടിയേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു. സ്വതന്ത്രരുടെയും മറ്റ് കക്ഷികളുടെയും ഷെയര്‍ 6 ശതമാനമാണ്.
Also Read: കണ്ണൂരില്‍ ചുവപ്പ് മായുന്നോ? ആധിപത്യം ആര്‍ക്ക്? മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം
മാനന്തവാടി, സുൽത്താൻ ബത്തേരി, കല്‍പ്പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. മന്ത്രി ഒ.ആര്‍.കേളുവാണ് മാനന്തവാടിയില്‍ ഇക്കുറിയും എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത്. യുഡിഎഫിനുവേണ്ടി ഉഷ വിജയനും എന്‍ഡിഎയില്‍ നിന്ന് വി.ശ്യാംരാജും മാറ്റുരയ്ക്കുന്നു. സുൽത്താൻ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനെ നേരിടുന്നത് കഴിഞ്ഞതവണ ബാലകൃഷ്ണനോട് തോറ്റ സിപിഎം നേതാവ് എം.എസ് വിശ്വനാഥന്‍ തന്നെയാണ്. വി.എസ്.കവിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കൽപ്പറ്റയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.വി.ശ്രേയാംസ് കുമാറിനെ തറപറ്റിച്ച ടി.സിദ്ദിഖ് വീണ്ടും യുഡിഎഫിനുവേണ്ടി രംഗത്തിറങ്ങുമ്പോള്‍ പി.കെ.അനില്‍ കുമാര്‍ ആണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. പ്രശാന്ത് മലവയല്‍ എന്‍ഡിഎയ്ക്കുവേണ്ടി രംഗത്തുണ്ട്.
കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.