Untitled design - 1

നൂറ് സീറ്റില്ലെങ്കില്‍ വനവാസമെന്ന് പറഞ്ഞിട്ടില്ലെന്നും തിളക്കമാര്‍ന്ന ജയം നേടുമെന്നാണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടീം യുഡിഎഫ് യാഥാര്‍ഥ്യമായി. അപസ്വരങ്ങള്‍ ഉയര്‍ന്നില്ല. ഘടകകക്ഷികളും തൃപ്തരാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം തുടരും. വിമര്‍ശനങ്ങളില്‍ താന്‍ തളരില്ല. വിമര്‍ശനങ്ങളാണ് തന്റെ ഊര്‍ജമെന്ന് മനോരമ ന്യൂസിനോട് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും എന്തും നേരിടാനും തയാറാണെന്നും ജീവിതാനുഭവം അതാണെന്നും വി.ഡി പറഞ്ഞു.

Also Read: 100 സീറ്റെന്ന വാശി വേണ്ട, 85 കിട്ടിയാലും ഭരിക്കാമല്ലോ: ശശി തരൂര്‍


രണ്ടാം ടേമില്‍ പിണറായിയുടെ ടീം മോശമാണ് . കേരളം കണ്ട ഏറ്റവും മോശം ടീമാണിത്. പിണറായിയുടെ കയ്യില്‍നിന്ന് പോയ അവസ്ഥയാണ്. ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ട്. സിപിഎമ്മിലെ അണികള്‍ അസംതൃപ്തരാണ്. പല സീറ്റുകളിലും സിപിഎം–ബിജെപി ഡീല്‍ വ്യക്തമാണ്. ബിജെപിയുടെ നിലപാട് ദുരൂഹമാണ്. പറവൂരില്‍ ബിജെപി തുറന്നു പറഞ്ഞു കഴിഞ്ഞു. 

എം.പിമാര്‍ ആരും മല്‍സരിക്കാന്‍ വാശിപിടിച്ചില്ല. ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. തീരുമാനമെടുക്കേണ്ടത് എഐസിസിയാണ്. കെ.സുധാകരന്‍ പിന്നീട് നിലപാട് വിശദീകരിച്ചല്ലോ. കൊച്ചി സീറ്റില്‍ ഷിയാസിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ തര്‍ക്കമുണ്ടായില്ല . താനും കെ.സി. വേണുഗോപാലും തര്‍ക്കിച്ചെന്ന വാര്‍ത്ത തെറ്റാണ്. ഷിയാസിനെ പ്രശംസിച്ചത് കെ.സി തന്നെയാണ്. ചിലര്‍ വരുമെന്ന് ഒരുവര്‍ഷം മുന്‍പേ താനറിഞ്ഞു. വിസ്മയങ്ങള്‍ യു.ഡി.എഫിന് ബാധ്യതയാകില്ല. ജമാഅത്തെയെ ന്യായീകരിച്ചിട്ടില്ല. രാഷ്ട്രീയമായാണ് മറുപടി പറ‍ഞ്ഞത്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരായ തോമസ് ഐസക്കിന്റെ കോമാളി പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും വി.ഡി കുറ്റപ്പെടുത്തി. 

ചോദ്യം: തദ്ദേശമാണ് മാനദണ്ഡമെങ്കില്‍ യുഡിഎഫിന് ലീഡ് വന്നത് കേവലഭൂരിപക്ഷത്തിലേയുള്ളു. നൂറിലേറെ സീറ്റ് എന്നവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്?

തദ്ദേശതിരഞ്ഞെടുപ്പില്‍ സാധാരണ എല്‍ഡിഎഫിനാണ് എഡ്ജ് ഉണ്ടാകാറുള്ളത്. അതിനെ മറികടന്ന് യുഡിഎഫ് നല്ല നേട്ടമുണ്ടാക്കി. മികച്ച മുന്നേറ്റമാണ് ഉണ്ടായത്. തങ്ങള്‍ തയാറെടുപ്പ് നടത്തിയാണ് ഇതെല്ലാം ജയിച്ചത്. പാര്‍ലമെന്‍റ് ഇലക്ഷന്‍ ജയിച്ചപ്പോള്‍ അവസാനിപ്പിച്ചില്ല. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ വിജയമുണ്ടായപ്പോഴും നിയമസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും എന്ന് പറഞ്ഞിട്ടില്ല. രണ്ടാമത് ഒരു അടിത്തറ കൂടിയുണ്ട്. 2001ലാണ് യുഡിഎഫിന് ഉജ്വല വിജയമുണ്ടായത് – 100 സീറ്റ്. 

2005നുശേഷം ശോഷണം ഉണ്ടായി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് വിഭാഗങ്ങള്‍ അകന്നുപോയി. കുറച്ചുപേര്‍ ബിജെപിയിലേക്ക് പോയി. സിപിഎമ്മിലേക്ക് വോട്ട് പോയി. നിയമസഭ വരുമ്പോള്‍ അത് ബാധിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ നാലുവര്‍ഷം ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 2005 മുതല്‍ ഞങ്ങളെ വിട്ടുപോയ ഒരുപാട് ജനവിഭാഗങ്ങളെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

ചോദ്യം: പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത് 85–90 സീറ്റ് കിട്ടിയാലും ഭരിക്കാമെന്നിരിക്കേ എന്തിനാണ് ഈ നൂറുസീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയുന്നത് എന്നാണ്? ഇന്ന് ശശി തരൂരും പറഞ്ഞു.

100 സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയവനവാസത്തിന് പോകും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പറഞ്ഞത്, തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല എങ്കില്‍ – സാങ്കല്‍പികമായ ചോദ്യമാണ് – യുഡിഎഫ് തകര്‍ന്നാല്‍, പിന്നെ ഞാന്‍ അധികാരത്തിനുവേണ്ടി പിടിച്ചുനില്‍ക്കില്ല. വ്യക്തിപരമായ തീരുമാനമാണ്. 

ചോദ്യം: പക്ഷേ പലപ്പോഴും പറയുന്നത് 100 സീറ്റിലധികം കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ്.

അങ്ങനെയല്ല. എന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു. താങ്കള്‍ യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്ന്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തതാണ്. ഞാന്‍ അതില്‍ പതറിക്കഴിഞ്ഞാല്‍, അതിന് മറുപടി പറയാതെ ഉരുണ്ടുകളിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ല എന്ന് തോന്നും. പ്രവര്‍ത്തകരുടെ ധാര്‍മികത നഷ്ടപ്പെടും. തകര്‍ന്നിരിക്കുന്ന യുഡിഎഫിന്‍റെ നേതൃത്വമാണ് എന്നെ ദൗത്യം ഏല്‍പ്പിച്ചത്. രണ്ടുപ്രാവശ്യം തുടര്‍ച്ചയായി പരാജയപ്പെട്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട് നില്‍ക്കുന്ന യുഡിഎഫിനെ ഒരു തിളക്കമാര്‍ന്ന വിജയത്തിലേക്ക് തിരിച്ചുകൊണ്ടുവരണം.

ചോദ്യം: ഒരു യുദ്ധരംഗത്ത് നില്‍ക്കുമ്പോള്‍ സേനാനായകന്‍ അണികള്‍ക്കും ഭടന്മാര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് കൊടുക്കുന്നത് മനസിലാക്കാം. പക്ഷേ താങ്കള്‍ ഇവിടെ മല്‍സരിക്കുമ്പോള്‍ പറവൂരിന്‍റെ എംഎല്‍എ ആകുകയാണ്. ഭരണം കിട്ടിയാലും ഇല്ലെങ്കിലും താങ്കള്‍ക്ക് അവരെ വിട്ടിട്ട് ഓടിപ്പോകാന്‍ കഴിയില്ല. എങ്ങനെയാണ് ഈ വനവാസം നടത്താന്‍ കഴിയുക? 

അങ്ങനെയല്ല, അതൊരു സാങ്കല്‍പിക ചോദ്യമാണ്, വെല്ലുവിളിയാണ്. എനിക്ക് ആത്മവിശ്വാസമുണ്ട്. ഉജ്വലമായ വിജയം യുഡിഎഫിനുണ്ടാകും. അതുകൊണ്ടാണ് ഞാന്‍ അത് സാങ്കല്‍പികമായ ചോദ്യമാണെന്ന് പറയുന്നത്. ഉപതിരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഞാനാണ്. ഏകോപിപ്പിച്ചത് ഞാനാണ്. എനിക്ക് ഉത്തരവാദിത്തമുണ്ട്. സുപ്രധാനമായ തീരുമാനങ്ങള്‍ ഞാന്‍ എടുത്തപ്പോള്‍ കോണ്‍ഗ്രസും മുന്നണിയിലെ ഘടകകക്ഷികളും പൂര്‍ണമായ പിന്തുണ നല്‍കി. നിലമ്പൂരില്‍ എടുത്ത തീരുമാനം എന്‍റേതായിരുന്നു. ആ തീരുമാനത്തിന് എല്ലാവരും പൂര്‍ണ പിന്തുണ നല്‍കി. അവിടെ പരാജയപ്പെട്ടാല്‍ എനിക്കായിരിക്കും ഉത്തരവാദിത്തം. എന്നെ വിശ്വസിച്ചാണ്, ഞാന്‍ പറയുന്നത് ശരിയാണെന്ന് കരുതിയാണ് ഘടകകക്ഷികളും പാര്‍ട്ടിയും പിന്തുണ നല്‍കിയത്.

ചോദ്യം: അത് മനസിലാക്കുന്നു. പക്ഷേ താങ്കള്‍ക്ക് ഒരു വൈകാരിക അംശമുണ്ട്. ചിലപ്പോള്‍ അത് കൂടുതലാകും. ഈ പറയുന്ന വനവാസം ഒക്കെ ഒരു ഡിറ്റാച്ച്മെന്‍റിന്‍റെ സൂചനയാണ്. 

അങ്ങനെയല്ല. അതൊരു വെല്ലുവിളിച്ചപ്പോഴാണ് അത് പറഞ്ഞത്. അതേ വാചകം ഉപയോഗിച്ച് വെല്ലുവിളിച്ചതാണ്. പിന്നെ അധികാരം കിട്ടിയില്ലെങ്കില്‍ ജീവിതം മുഴുവന്‍ പോയി എന്നൊന്നും വിചാരിക്കുന്ന ആളല്ല ഞാന്‍. എനിക്ക് ഒരുപാട് ഒപ്ഷന്‍സ് ഉണ്ട്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരാളാണ്. അത് വ്യക്തിപരമായ തീരുമാനമാണ്. എന്‍റെ ജീവിതത്തില്‍ ഒരുപാടുവട്ടം ചുണ്ടിനും കപ്പിനുമിടയില്‍വച്ച് ഒരുപാട് സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടയാളാണ.് അതിലൊന്നും ഞാന്‍ പതറിയിട്ടില്ല. ഇപ്പോള്‍ എനിക്ക് അതൊരുശീലമായി. 

ENGLISH SUMMARY:

VD Satheesan, the Opposition Leader, asserts that the UDF is a united team and is confident of a significant victory, expecting to continue their success from local body elections. He also addressed criticisms, stating they fuel him and confirmed his readiness to follow party decisions regarding any future leadership roles.