മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍റെ പ്രകടനം നല്ലതോ മോശമോ? നല്ലതെന്ന് അഭിപ്രായമുള്ളവരുടെ എണ്ണത്തില്‍ മാര്‍ച്ച് രണ്ടാംവാരത്തിലെ അതേ നിലവാരം തന്നെയാണ് മൂന്നാംവാരത്തിലും. മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ പങ്കെടുത്ത 33.3 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി മാസത്തെ സര്‍വേകളുടെ ശരാശരി റേറ്റിങ് 28.5 ശതമാനമായിരുന്നു. മാര്‍ച്ചിലെ തൊട്ടുമുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് മൂന്നാംവാരത്തിലെ റേറ്റിങ്ങില്‍ നാമമാത്രമായ (0.3 ശതമാനം) കുറവേ ഉണ്ടായിട്ടുള്ളു.

Read Also : ടി.കെ. ഗോവിന്ദന്‍റെ വിമതസ്വരം ഇടത് മുന്നണിയെ ബാധിക്കുമോ? സി.പി.എമ്മിൽ കുടുംബവാഴ്ചയുണ്ടോ? 

അതേസമയം മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഇപ്പോഴും ഭൂരിപക്ഷം. 47.4 ശതമാനം. എന്നാല്‍ ഇത് ഫെബ്രുവരി ശരാശരിയെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ്. ഫെബ്രുവരിയില്‍ നടന്ന സര്‍വേയില്‍ ശരാശരി 50.7 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ തൃപ്തരായിരുന്നില്ല. മാര്‍ച്ച് രണ്ടാംവാരത്തെ അപേക്ഷിച്ച് മൂന്നാംവാരം പിണറായിയുടെ പ്രകടനത്തില്‍ അതൃപ്തിയുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 46.5 ശതമാനമായിരുന്നു രണ്ടാംവാരത്തില്‍ മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് പറഞ്ഞത്. മൂന്നാംവാരത്തില്‍ 0.90 ശതമാനം വര്‍ധന.

ഇടതുസര്‍ക്കാര്‍ തുടരണോ എന്ന ചോദ്യത്തിനും സമാനമായ പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടത് 45.2 ശതമാനം പേരാണ്. സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും തുടരണം എന്ന് അഭിപ്രായപ്പെട്ട 21 ശതമാനം പേരും ഇതിലുള്‍പ്പെടും. സര്‍ക്കാര്‍ മാറണം എന്ന് അഭിപ്രായമുള്ളത് 49.6 ശതമാനം പേര്‍ക്കാണ്. 4.6 ശതമാനം പേര്‍ അഭിപ്രായം അറിയിച്ചില്ല. മാര്‍ച്ച് രണ്ടാംവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ വ്യത്യാസമേയുള്ളു. സര്‍ക്കാര്‍ മാറണണമെന്ന് പറഞ്ഞവരുടെ എണ്ണത്തിലും ഇതുതന്നെയാണ് മൂന്നാംവാരത്തിലെ നില.

18 വയസ്സിനു മുകളില്‍ പ്രായമുള്ള  മലയാളി വോട്ടര്‍മാരാണ് മനോരമ ന്യൂസ് –സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ജനസഖ്യാ ഘടനയനുസരിച്ചാണ് ഓരോ ആഴ്ചത്തെയും സാംപിള്‍ ശേഖരണം.

എല്ലാ ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. ഒരോ ആഴ്ചയും ചര്‍ച്ചയായ പ്രധാന വിഷയങ്ങളില്‍ സ്നാപ് പോളും നടത്തി. ഒരേ ചോദ്യങ്ങളില്‍ ഇലക്ഷന്‍ ട്രാക്കര്‍ വഴിയാണ് ആഴ്ചതോറും ഉത്തരം തേടിയത്. മാര്‍ച്ച് മൂന്നാംവാരം സ്നാപ് പോളില്‍ 1,887 പേരും ട്രാക്കര്‍ സര്‍വേയില്‍ 5349 പേരും പങ്കെടുത്തു.

ENGLISH SUMMARY:

The latest Manorama News-CVoter survey for the third week of March shows that Chief Minister Pinarayi Vijayan's approval rating remains steady at 33.3%, a slight improvement from the February average of 28.5%. Despite this consistency, a majority of 47.4% respondents still rate his performance as poor, marking a slight increase in dissatisfaction compared to the previous week. Regarding the government's future, 45.2% of participants believe the LDF should continue in power, while 49.6% favor a change in administration. The data, collected from over 5,000 voters across Kerala, suggests a highly polarized electorate as the election season intensifies.