സീറ്റുവിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തീകരിച്ച് ഭൂരിപക്ഷം സീറ്റുകളിലും ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി ഇടത് മുന്നണിയിലുമുണ്ട്. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനുമെല്ലാം കണ്ണൂരില്‍ ഉയര്‍ത്തിയ വിമതസ്വരം സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചയും പോയവാരം കണ്ടു. ടി.കെ. ഗോവിന്ദന്‍റെ വിമതസ്വരം ഇടത് മുന്നണിയെ ബാധിക്കുമോ? എന്നായിരുന്നു സര്‍വേയിലെ ചോദ്യം. ബാധിക്കും എന്ന് 47.5 ശതമാനം പേര്‍ പറയുമ്പോള്‍ 38.6 ശതമാനത്തിന് എതിരഭിപ്രായമാണുള്ളത്. 13.9 ശതമാനം ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Also Read: സുധാകരന്‍റെ നിലപാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിച്ചോ?
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് കുടുംബവാഴ്ചയെന്ന ആരോപണം ഇടതു ചേരിയില്‍ നിന്ന് ഉയര്‍ന്നതും ടി.കെ. ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും. സി.പി.എമ്മില്‍ കുടുംബവാഴ്ചയുണ്ടോ എന്നായിരുന്നു സര്‍വേയിലെ ചോദ്യം. കുടുംബവാഴ്ചയുണ്ടെന്ന് 48.9 ശതമാനവും ഇല്ലെന്ന് 39.7 ശതമാനവും അഭിപ്രായപ്പെട്ടു. 11.4 ശതമാനം ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലായിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ഥിമോഹികളായ ഒട്ടേറെ പേരുടെ മുന്നണിമാറ്റത്തിനും ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചു. പ്രമുഖര്‍ യുഡിഎഫിലേക്ക് എത്തുന്നതിനെ വിസ്മയമെന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ഇത്തരത്തില്‍ വിസ്മയം സൃഷ്ടിച്ചവര്‍ക്ക് സീറ്റ് ഉറപ്പാക്കേണ്ടിവന്നത് മുന്നണികളില്‍ ചില്ലറ പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരുന്നില്ല. ‘വിസ്മയങ്ങള്‍’ മുന്നണികള്‍ക്ക് ബാധ്യതയാകുമോ എന്ന സര്‍വേയിലെ ചോദ്യത്തെ അനുകൂലിച്ച് 62.1 ശതമാനം ആളുകള്‍ പ്രതികരിച്ചു. ബാധ്യതയാകില്ലെന്നായിരുന്നു 26.2 ശതമാനം ആളുകളുടെ അഭിപ്രായം. 11.7 ശതമാനം പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലായിത് കേരളത്തില്‍ പ്രചാരണസമയം കുറച്ചെന്ന അഭിപ്രായം രാഷ്ട്രീയ കക്ഷികള്‍ക്ക് പൊതുവേയുണ്ട് . പ്രചാരണ സമയം കുറഞ്ഞതിനെക്കുറിച്ചുള്ള അഭിപ്രായമെന്ത് എന്നായിരുന്നു വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ച ചോദ്യം . നന്നായി 73.2 ശതമാനവും നന്നായില്ല എന്ന് 16.8 ശതമാനവും അഭിപ്രായപ്പെട്ടു .10 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ടായില്ല