കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ ഗതിതന്നെ മാറ്റുന്നതായിരുന്നു സ്ഥാനാര്‍ഥിത്വത്തിനായുള്ള എംപിമാരുടെ അവകാശവാദം. കെ.സുധാകരനടക്കം മത്സരരംഗത്തെത്തിയതോടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതും അനിശ്ചിതത്വത്തിലുമായി. ഒടുവില്‍ എംപിമാരാരും മത്സരിക്കേണ്ടതില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഈ ഘട്ടത്തിലാണ് സുധാകരന്‍റെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതോ? എന്ന ചോദ്യം മനോരമ ന്യൂസ് – സി വോട്ടര്‍ അഭിപ്രായ സര്‍വേ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചത്.
സ്ഥാനാര്‍ഥിത്വത്തിനായുള്ള സുധാകരന്‍റെ ആവശ്യം ന്യായീകരിക്കാനാവില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മറിച്ച് അഭിപ്രായപ്പെട്ടത് 38.9 ശതമാനമാണ്. 15.1 ശതമാനം അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടത് കോണ്‍ഗ്രസ് പ്രചാരണത്തെ ബാധിച്ചെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 56.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ബാധിച്ചില്ലെന്ന് 29.4 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. 8.3 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ഥിമോഹികളായ ഒട്ടേറെ പേരുടെ മുന്നണിമാറ്റത്തിനും ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യം വഹിച്ചു. പ്രമുഖര്‍ യുഡിഎഫിലേക്ക് എത്തുന്നതിനെ വിസ്മയമെന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ഇത്തരത്തില്‍ വിസ്മയം സൃഷ്ടിച്ചവര്‍ക്ക് സീറ്റ് ഉറപ്പാക്കേണ്ടിവന്നത് മുന്നണികളില്‍ ചില്ലറ പ്രതിസന്ധികളും സൃഷ്ടിച്ചു. ‘വിസ്മയങ്ങള്‍’ മുന്നണികള്‍ക്ക് ബാധ്യതയാകുമോ എന്ന സര്‍വേയിലെ ചോദ്യത്തെ അനുകൂലിച്ച് 62.1 ശതമാനം ആളുകള്‍ പ്രതികരിച്ചു. ബാധ്യതയാകില്ലെന്നായിരുന്നു 26.2 ശതമാനം ആളുകളുടെ അഭിപ്രായം. 11.7 ശതമാനം പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
കെ. സുധാകരന്‍റെ നിലപാട് ന്യായീകരിക്കാൻ കഴിയുന്നതോ ?
ന്യായീകരണമുള്ളത് 38.9 %
ന്യായീകരണമില്ലാത്തത് 46 %
അഭിപ്രായമില്ല 15.1 %
സ്ഥാനാർഥി നിർണയം നീണ്ടത് കോൺഗ്രസ് പ്രചാരണത്തെ ബാധിച്ചോ?
ബാധിച്ചു 56.7 %
ബാധിച്ചില്ല 29.4 %
അഭിപ്രായമില്ല 8.3 %