റവന്യൂ വകുപ്പിലെ നൂറ്റി എണ്‍പത്തി ഒന്ന് തഹസീൽദാർമാര്‍, സീനിയർ സൂപ്രണ്ടുമാരുടെ കൂട്ട സ്ഥലം മാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ സ്റ്റേ ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണറുടെ സ്ഥലം മാറ്റ ഉത്തരവാണ് ട്രൈബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. പൊതു സ്ഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റ ഉത്തരവാണെന്ന് കണ്ടായിരുന്നു സ്റ്റേ.
കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നാണ് ടൈബ്യൂണലിന്‍റെ കണ്ടെത്തൽ. മഴക്കെടുതി പ്രതിരോധത്തിന്‍റെ ഭാഗമായി ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.