കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ വഴിയൊരുക്കിയതും വിദേശമദ്യച്ചട്ടം ഭേദഗതി ചെയ്തതും കഴിഞ്ഞ പിണറായി വിജയൻ സർക്കാരാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ നിയമസഭയിൽ പുറത്തുവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ എക്സൈസ് മന്ത്രിയുമായിരുന്ന എം.വി. ഗോവിന്ദൻ ഒപ്പിട്ട ആദ്യ ഫയലിലെ കുറിപ്പും സഭയിലെ മറുപടിയും വായിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളുടെ കുന്തമുന ഒടിച്ചത്. യു.ഡി.എഫ് ഭരണത്തിൽ മദ്യത്തിന് കരം ചുമത്തിയത് വിദേശ കമ്പനികളെ സഹായിക്കാനാണെന്ന എൽ.ഡി.എഫ് ആരോപണത്തിന്, മുൻ ഇടതുപക്ഷ സർക്കാർ ബാറുകളുടെ എണ്ണം 22-ൽ നിന്ന് തൊള്ളായിരത്തിലധികമായി വർദ്ധിപ്പിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
യു.ഡി.എഫ് സർക്കാർ ബർക്കാഡി (Bacardi) കമ്പനിയുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ കാരണം എൽ.ഡി.എഫ് ഫയലുകളാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ആറ് മാസത്തിനകം അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ എഴുതിയ നോട്ടാണ് മുഖ്യമന്ത്രി സഭയിൽ വായിച്ചത്. ‘ബർക്കാഡി ഇന്ത്യ, എസ്.ഡി.എഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകൾ ഒരുമിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുക’ എന്നായിരുന്നു ആ കുറിപ്പ്.
2022-23 വർഷത്തെ മദ്യനയത്തിന്റെ ഭാഗമായി 0.5% മുതൽ 20% വരെ ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യം വിപണനം നടത്തുന്നതിനായി വിദേശമദ്യച്ചട്ടത്തിൽ (Foreign Liquor Rules) ഭേദഗതി വരുത്തിയത് ഇടതുപക്ഷ സർക്കാരാണെന്ന് എം.വി. ഗോവിന്ദൻ തന്നെ മുൻപ് നിയമസഭയിൽ നൽകിയ മറുപടിയും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ ചട്ട ഭേദഗതി വരുത്തി വെച്ച ഫയൽ ബജറ്റിന് മുന്നോടിയായി വന്നപ്പോഴാണ് പുതിയ സർക്കാർ നികുതി ഘടന നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. Beer-ന് 116 ശതമാനവും വൈനിന് 66 ശതമാനവും നികുതിയുള്ളപ്പോൾ അതിനിടയിൽ നികുതി നിശ്ചയിക്കാനായിരുന്നു മുൻ സർക്കാരിന്റെ നീക്കം. എന്നാൽ യു.ഡി.എഫ് സർക്കാർ അത് മാറ്റി. ആൽക്കഹോൾ അളവ് 0.5 മുതൽ 10 ശതമാനം വരെയുള്ളതിന് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെയുള്ളതിന് 175 ശതമാനവുമാണ് പുതിയ ബജറ്റിൽ നികുതി ചുമത്തിയത്. ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
2018-19ൽ വിദേശ നിർമ്മിത വിദേശമദ്യത്തിന് (FMFL) വെറും 78 ശതമാനം നികുതി മാത്രമാണ് പിണറായി സർക്കാർ ചുമത്തിയിരുന്നത്. ഐ.എം.എഫ്.എല്ലിന് (IMFL) 210 ശതമാനം നികുതിയുള്ളപ്പോഴായിരുന്നു ഇത്. അന്ന് 'ജോണി വാക്കറിൽ' നിന്നും 'ഷീവാസ് റീഗലിൽ' നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ കസ്റ്റംസ് നികുതിയേക്കാൾ കുറഞ്ഞ നിരക്ക് വിദേശമദ്യത്തിന് എൽ.ഡി.എഫ് നൽകിയതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
മദ്യം വിഷമാണെന്ന് യു.ഡി.എഫിനെ ഉപദേശിക്കാൻ വരുന്ന പ്രതിപക്ഷത്തിന്റെ മദ്യനയത്തെ മുഖ്യമന്ത്രി രൂക്ഷമായി പരിഹസിച്ചു. 2016-ൽ പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ കേരളത്തിൽ വെറും 22 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽ.ഡി.എഫ് ഭരണം ഒഴിഞ്ഞപ്പോഴേക്കും അത് തൊള്ളായിരത്തിലധികം ബാറുകളായി വർദ്ധിപ്പിച്ചു. മദ്യവ്യാപനം തടയാൻ വേണ്ടിയാണോ 22 ബാറുകൾ തൊള്ളായിരമാക്കിയതെന്നും അതിന് പ്രതിപക്ഷത്തിന് ‘എത്ര കിട്ടി’ എന്ന് താൻ ചോദിക്കുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ ദൈനംദിന ഭരണ കാര്യങ്ങളിലോ നികുതി നിശ്ചയിക്കുന്ന ഫയലുകളിലോ പാർട്ടി ഇടപെടലില്ല. മുൻകാലങ്ങളിൽ മുഖ്യമന്ത്രി അറിയാതെ ഫയലുകൾ എ.കെ.ജി സെന്ററിലേക്ക് ചുമന്നുകൊണ്ട് പോയ ചരിത്രം ഈ സർക്കാരിനില്ല. എന്നാൽ മദ്യനയം പോലുള്ള രാഷ്ട്രീയ നയപ്രഖ്യാപനങ്ങളിൽ യു.ഡി.എഫ് മുന്നണിയിലും കെ.പി.സി.സിയിലും കൃത്യമായ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.