പി.എം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് പി.എം ശ്രീ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നത്.
മുൻ ഇടതുപക്ഷ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തെച്ചൊല്ലിയായിരുന്നു സഭയിലെ പ്രധാന തർക്കം. എൽ.ഡി.എഫ് ഭരണകാലത്ത് 'ആർ.എസ്.എസ് അജണ്ട' എന്ന് ആക്ഷേപിച്ച പദ്ധതിയിൽ എന്തിനാണ് ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, കേന്ദ്രം സർവശിക്ഷാ അഭിയാൻ (എസ്.എസ്.കെ) ഫണ്ട് തടഞ്ഞുവെച്ചതുകൊണ്ടാണ് ഒപ്പിടേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവശിക്ഷാ അഭിയാന്റെ 1500 കോടിയിലധികം രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും, ഈ ഫണ്ട് ലഭിക്കുന്നതിനായി മാത്രമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. "ആ പണം വാങ്ങിയില്ലെങ്കിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാകുമായിരുന്നു. എന്നാൽ, ഈ നീക്കം തെറ്റാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ എട്ടുമാസമായി പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ആർ.എസ്.എസ് അജണ്ടയും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ മുഖ്യമന്ത്രി വി.ഡി സതീശൻ പൂർണ്ണമായി തള്ളി. 'ആർ.എസ്.എസ് അജണ്ട' എന്ന് ആക്ഷേപിച്ചവർ തന്നെ 'വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്കുകൊളുത്തി' പദ്ധതിക്ക് ഒപ്പുവെക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പദ്ധതി പിന്നീട് മരവിപ്പിക്കാനായിരുന്നോ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം ചോദിച്ചു. മുൻ സർക്കാർ പദ്ധതി മരവിപ്പിച്ചെങ്കിൽ എന്തുകൊണ്ടാണ് കഴിഞ്ഞ എട്ടുമാസമായി ഇക്കാര്യം കാണിച്ച് കേന്ദ്രത്തിന് ഒരു ഔദ്യോഗിക കത്തുപോലും നൽകാതിരുന്നതെന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.
ഇതിനിടെ, 'ഫണ്ട് കിട്ടാൻ ഒപ്പിട്ട പദ്ധതി നിങ്ങൾ എന്തിനാണ് ഇപ്പോൾ നടപ്പാക്കുന്നത്' എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന്, 'ആരാണ് നടപ്പാക്കുമെന്ന് പറഞ്ഞത്?' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഇതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുകയാണെന്നുള്ള അഭ്യൂഹം ശക്തമായത്.
പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ പുതിയ യു.ഡി.എഫ് സർക്കാർ മന്ത്രിമാരുടെ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകളുടെ സിലബസിലോ കരിക്കുലം സ്വാതന്ത്ര്യത്തിലോ കേന്ദ്രം ഇടപെടാൻ അനുവദിക്കില്ല. പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാരിൽ നിലനിർത്തി, ഉപാധികളോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
പി.എം ശ്രീ തർക്കത്തിന് പുറമെ, സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ചും സഭയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. സംസ്ഥാനത്തിന്റെ കടം 49,000 കോടിയല്ലെന്നും കിഫ്ബിയുടെയും കെ.എസ്.ഇ.ബി.യുടെയും കടങ്ങൾ ചേർത്ത് ഇത് 87,000 കോടി രൂപയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ 16 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാക്കിയെന്നും, ഈ ഭാരം പുതിയ സർക്കാരിനാണ് ഏറ്റെടുക്കേണ്ടി വന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. ചർച്ചയ്ക്കിടെ, കോൺഗ്രസ് തർക്കിച്ച് പിളരുമെന്ന് പ്രസംഗിച്ച ബി.ജെ.പി നേതാവിനെയും മുഖ്യമന്ത്രി പരിഹസിച്ചു.