കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിയോടെ ആരംഭിക്കും. സംസ്ഥാനത്തുടനീളം വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. എട്ടു മണിക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. തുടർന്ന് എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണും. ഇത്തവണത്തെ അന്തിമ പോളിംഗ് ശതമാനം 79.70 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.

പത്തു മണിയോടെ തന്നെ സംസ്ഥാനത്തെ വോട്ടെടുപ്പിന്റെ വ്യക്തമായ ട്രെൻഡുകൾ അറിയാൻ സാധിക്കും. ഉച്ചയോടെ മിക്ക മണ്ഡലങ്ങളിലെയും ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം അതിവേഗത്തിലും കൃത്യതയോടെയും ജനങ്ങളിലെത്തിക്കാൻ മനോരമ ന്യൂസ് വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വൻ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. "ജനങ്ങൾക്ക് മാറ്റമാണ് വേണ്ടത്, വലിയ വിജയം ജനം നൽകും," എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ ശക്തമായ ജനവിധി ഇത്തവണ ഉണ്ടാകുമെന്ന് സണ്ണി ജോസഫും, എല്ലാം വിധി വന്നശേഷം പറയാമെന്ന് വി.ഡി. സതീശനും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഭരണത്തുടർച്ച ഉറപ്പാണെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. നിഷ്പക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതികരിച്ചു. മറുഭാഗത്ത്, അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. എഫ്.സി.ആർ.എ ഭേദഗതി ക്രൈസ്തവ വോട്ടുകളെ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ശക്തമായ സാന്നിധ്യം അറിയിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ക്യൂ ആർ കോഡുള്ള തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാന്നൂറിലേറെ പോലീസുകാരെ ഇവിടെ മാത്രം വിന്യസിച്ചിട്ടുണ്ട്. അറുപതിടങ്ങളിലായി 95 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Kerala election results are being counted today starting at 8 AM, with postal votes first followed by EVMs. The final polling percentage was 79.70, and clear trends are expected by 10 AM, with most results by noon.