വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോഡരികിൽ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ കണ്ടെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തി. പശ്ചിമ ബംഗാളിലെ നോപാറ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമുള്ള സ്ലിപ്പുകളാണ് മധ്യഗ്രാം സുഭാഷ് നഗറിലെ റോഡരികിലുള്ള മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്.

സംഭവം പുറത്തറിഞ്ഞതോടെ തൃണമൂൽ കോൺഗ്രസും സി.പി.ഐ.എമ്മും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കണ്ടെടുത്ത സ്ലിപ്പുകളിൽ ഭൂരിഭാഗവും ഇടത് സ്ഥാനാർത്ഥി ഗാർഗി ചാറ്റർജിക്ക് അനുകൂലമായുള്ളവയാണെന്ന് സി.പി.എം ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് തൃണമൂൽ സ്ഥാനാർത്ഥി തൃണനങ്കൂർ ഭട്ടാചാര്യയും കുറ്റപ്പെടുത്തി.

സ്ലിപ്പുകൾ റോഡിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ രാഷ്ട്രീയ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിനെ സഹായിക്കാനാണോ ഈ നീക്കമെന്ന സംശയവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രാഥമിക അന്വേഷണം നടത്തി. കണ്ടെടുത്ത സ്ലിപ്പുകൾ വോട്ടെടുപ്പിന് മുൻപ് നടത്തുന്ന 'മോക്ക് പോളിന്റെ' (Mock Poll) ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

പോളിംഗ് ദിവസം രാവിലെ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ യന്ത്രത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ നടത്തിയ ഭാഗമാണ് ഇവയെന്നും യഥാർത്ഥ വോട്ടുകളല്ലെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട ഈ സ്ലിപ്പുകൾ എങ്ങനെ പൊതുനിരത്തിലെ മാലിന്യക്കൂമ്പാരത്തിൽ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ENGLISH SUMMARY:

VVPAT slip controversy erupted in West Bengal's Nopara constituency hours before vote counting, sparking protests from TMC and CPI(M). Authorities are investigating how these sensitive slips ended up in a garbage pile.