Untitled design - 1

ലീ​ഗിനെതിരെ വിമർശനം ഉന്നയിച്ച ആഷിഖ ഖാനത്തിനെതിരെ പരോക്ഷമായ ഫെയ്സ്ബുക്ക്  കുറിപ്പുമായി കേരള സംസ്ഥാന വനിതാ ലീഗ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഷാഹിന നിയാസി രം​ഗത്ത്. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുന്നവർക്കും, പാർട്ടി വിട്ടുപോയി വികാരപ്രകടനം നടത്തുന്നവർക്കും വേണ്ടിയുള്ളതാണീ കുറിപ്പെന്ന് ആഷിഖ ഖാനത്തിനെ ഉന്നമിട്ട് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഈ  ഹരിത പ്രസ്ഥാനം. എന്നും വ്യക്തിയേക്കാൾ വലുതാണ് എന്നോർക്കുക, രാഷ്ട്രീയമെന്നത് കൃത്യമായ നിലപാടുകളുടെയും അച്ചടക്കത്തിന്റെയും കളിക്കളമാണ്. അവിടെ  "അഞ്ചു കൊല്ലം ഞാൻ പുറത്തുപോയില്ലല്ലോ" എന്നത് ഒരു വീരഗാഥയായി പറയേണ്ട ഒന്നല്ല, മറിച്ച് ഒരു പ്രവർത്തകന്റെ അല്ലെങ്കിൽ പ്രവർത്തകയുടെ ഏറ്റവും  പ്രാഥമികമായ കടമ മാത്രമാണ്. അത് വലിയൊരു ത്യാഗമായി അവതരിപ്പിച്ചു വിപണനം നടത്തുന്നവർ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാത്തവരാണ്.

പാർട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെടുമ്പോൾ സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും വാചാലരാകുന്നവർ ഒരു കാര്യം മറന്നു പോയോ,

എന്തുകൊണ്ട് നിങ്ങൾ പുറത്തായി എന്ന്?. പാർട്ടിയുടെ നയങ്ങൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നടപടി നേരിട്ടവർ, 'വേട്ടയാടപ്പെട്ടവന്റെ' പരിവേഷം അണിയുന്നത് വെറും രാഷ്ട്രീയ നാടകമാണ്. അവഗണന എന്ന  പദം  കൊണ്ട് മുസ്ലിം ലീഗിനെ അളക്കാൻ വരുന്നവരോട് ചില കാര്യങ്ങൾ വൃത്തിക്ക് തന്നെ പറയേണ്ടതുണ്ട്. 

അച്ചടക്കമില്ലാത്ത പാർട്ടി സ്നേഹം എന്നും പ്രസ്ഥാനത്തിന്  ബാധ്യതയാണ്. "മറുപക്ഷം വിളിച്ചു,  ഇവിടെ ഞങ്ങളുടെ സ്ഥാനാർത്ഥിയായി മത്സരിക്കാമോ, എം.എൽ.എമാർ വീട്ടിൽ വന്നു" എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ കൗതുകം തോന്നി പോകുന്നു. രാഷ്ട്രീയത്തിൽ അവസരങ്ങൾ വരും, പോകും, പക്ഷേ അത് വിളിച്ചുപറഞ്ഞ് നടക്കാനുള്ളതല്ല. 

പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ പൊതുവേദിയിൽ വിളിച്ചുപറഞ്ഞ് അത് "സത്യസന്ധത" ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കലാണ്. ഇത് വ്യക്തിപരമായ മൈലേജിന് വേണ്ടിയുള്ള ഷോർട്ട്‌കട്ടുകൾ മാത്രമാണ്. 

പ്രസ്ഥാനം വളർത്തിയെടുത്തവർ  ആരായാലും പ്രസ്ഥാനത്തെ തള്ളിപ്പറയുമ്പോൾ ഓർക്കുക, ഈ ഹരിത പതാകയുടെ മാന്യത കാത്തുസൂക്ഷിക്കാത്തവർ ആ നിറം അണിയാൻ യോഗ്യയല്ല. 

"ഇത്ര കാലമായിട്ടും എനിക്ക് ഒന്നും കിട്ടിയില്ല" എന്ന് പരാതിപ്പെടുന്നവർ ഒരിക്കലെങ്കിലും സ്വയം പരിശോധിച്ചിട്ടുണ്ടോ? . പാർട്ടിയുടെ തീരുമാനങ്ങൾക്കും ശാസനകൾക്കും വിധേയമാകാൻ കഴിയാത്തവർക്ക് നേതൃസ്ഥാനങ്ങളിലേക്ക് വരാൻ അർഹതയില്ല. ഒരിക്കൽ പോലും സ്വന്തം നിലപാടിലെ പാളിച്ചകൾ കാണാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അപക്വമാണ്.  ഈ പ്രസ്ഥാനത്തോട്  സ്നേഹമുണ്ടെങ്കിൽ നിശബ്ദമായി ഈ പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കുക. വിയോജിപ്പുണ്ടെങ്കിൽ അത് കൃത്യമായ വേദിയിൽ മാത്രം പറയുക. രണ്ടും കൂടി കലർത്തി 'വികാര രാഷ്ട്രീയം' കളിച്ച് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്. വനിതാ ലീഗിൽ തലമുറ മാറ്റം വേണം എന്ന്  കളിയാക്കുന്നവരോട് ഒന്നേ പറയാനുള്ളു. പുതിയ തലമുറയേയും പഴയ തലമുറയേയും ഒരുമിച്ചു കൊണ്ട് പോയ പാരമ്പര്യമേ എന്നും വനിതാ ലീഗിനുള്ളു. അതിന്  കപ്പാസിറ്റിയും  വിൽ പവറഉം ഉള്ള നേതാക്കൾ വനിതാ ലീഗിൽ ഉണ്ട്. ഞങ്ങളുടെ മിതത്വം ഞങ്ങളുടെ പരിമിതിയല്ല. പ്രസ്ഥാനത്തിന് കാവലായും ശത്രുക്കൾക്ക് വെല്ലുവിളിയായും വനിതാ ലീഗ്  എന്നും മുന്നിലുണ്ടാകും. അലക്ഷ്യമായി തള്ളിക്കളയാൻ ഞങ്ങൾ വെറും നിരകളല്ല, അലറുന്ന വിപ്ലവമാണ്!. എല്ലാ തലമുറയിൽ പെട്ട പെൺകുട്ടികളെയും യുവതികളെയും ഞങ്ങൾ ചേർത്ത് നിർത്തും. - ഷാഹിന നിയാസി ആഷിഖക്കെതിരെ  തുറന്നടിച്ചു.  

നേരത്തേ, മുസ്ലിംലീ​ഗിൽ നേരിടുന്ന അവഗണനയെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി ആഷിഖ ഖാനം രംഗത്തെത്തിയിരുന്നു. 5കൊല്ലത്തിനിടെ എല്ലാ പാർട്ടിയിൽ നിന്നും ആവശ്യത്തിലധികം ഓഫറുകൾ ഉണ്ടായിട്ടുണ്ടെന്നും നിരവധി എംഎൽഎമാരും പല പാർട്ടികളുടെയും സംസ്ഥാന നേതൃത്വവും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ആഷിഖ പറഞ്ഞത്. അതിനെതിരെയാണ് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് ഷാഹിന രംഗത്തെത്തിയത്. 

ENGLISH SUMMARY:

Political criticism is leveled against Ashikhanam by Shaheena Niyaz, a senior vice president of the Kerala State Women's League Committee. This marks a strong reaction to Ashikhanam's previous Facebook post about facing neglect within the Muslim League.