മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നു. ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ ഞാന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അര്‍ത്ഥഭേദങ്ങള്‍ അറിയില്ലെന്നും വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കും പക്ഷേ ചീത്ത പറയില്ല.അതെന്‍റെ ഗുരുത്വമാണ്. ചെറ്റയെന്നല്ല വറ്റ മല്‍സ്യമെന്ന് വിളിച്ചാലും ചീത്ത പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.
ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാമെന്നും അതിനാലാണ് മുഖ്യമന്ത്രി ഇത്രയും കാലം ധര്‍മടത്ത് വിജയിച്ചത്. 9 തവണ മുഖ്യമന്ത്രി മല്‍സരിച്ചത് പാര്‍ലമെന്‍ററി മോഹമല്ലേ? ആ മണ്ഡലത്തില്‍ ഇതുവരെ ഇടതുസ്ഥാനാര്‍ഥി തോറ്റിട്ടില്ല. യുഡിഎഫ് അമ്പലപ്പുഴ ജനറല്‍ ബോഡി യോഗത്തിലാണ് സുധാകരന്റെ രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി പറഞ്ഞത്
പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. ആര്‍ക്കും പ്രത്യേകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ എപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനം.’ വ്യക്തി പാര്‍ട്ടിക്കതീതനായാല്‍ അത് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എടുത്ത നിലപാടിനെ മുഖ്യമന്ത്രി ശ്ലാഘിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന്‍ സ്വന്തം പാര്‍ട്ടിക്ക് വിധേയനായി. അത് നല്ല നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.